തിരുവനന്തപുരം: ഹയർസെക്കണ്ടറി സേ പരീക്ഷ ജൂലൈ 25 മുതൽ ആരംഭിക്കും. ഏതെങ്കിലും പ്രതികൂല സാഹചര്യത്തിൽ ഉപരിപഠനത്തിന് യോഗ്യത നേടാൻ കഴിയാത്തവർക്കും വിജയിച്ചവരിൽ ആവശ്യമെങ്കിൽ ഏതെങ്കിലും ഒരു വിഷയത്തിന്റെ മാർക്ക് മെച്ചപ്പെടുത്തുന്നതിനുമായി സേ ഇംപ്രൂവ്‌മെന്റ് പരീക്ഷ നടത്തുന്നതാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
പരീക്ഷ സംബന്ധിച്ച വിശദമായ നോട്ടിഫിക്കേഷൻ ഉടൻ തന്നെ പുറപ്പെടുവിക്കും. ഇത്തവണ ഹയർസെക്കണ്ടറി പരീക്ഷയിൽ 83.87 ശതമാനം വിജയമാണ് കേരളം കരസ്ഥമാക്കിയിട്ടുള്ളത്. വൊക്കേഷനൽ ഹയർസെക്കണ്ടറിയിൽ 78.26 ശതമാനമാണ് വിജയം. 3,61,091 പേരെഴുതിയ പരീക്ഷയിൽ 3,02,865 പേരാണ് വിജയിച്ചത്. ഏറ്റവും കൂടുതൽ വിജയം കോഴിക്കോട് ജില്ലയിൽ (87.79) ആണ്. ഏറ്റവും കുറവ് വിജയം വയനാട്ടിലാണ് (75.07). 28450 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. 53 പേർക്ക് 1200 ൽ 1200 മാർക്ക് ലഭിച്ചു.

