ന്യൂഡല്‍ഹി: എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിന് കേന്ദ്ര റിസര്‍വ് പോലീസ് സേനയുടെ ഇസഡ് പ്ലസ് സുരക്ഷ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ബുധനാഴ്ച രാവിലെ മുതല്‍ സുരക്ഷ വര്‍ധിപ്പിക്കുകയായിരുന്നു.
ബിജെപിയുടെ മുതിര്‍ന്ന നേതാവും, ഝാര്‍ഖണ്ഡിന്റെ ആദ്യ ഗോത്രവര്‍ഗ വനിത ഗവര്‍ണറുമായിരുന്നു മുര്‍മു. അഞ്ച് വര്‍ഷക്കാലാവധി പൂര്‍ത്തിയാക്കുന്ന ആദ്യ ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ എന്ന പദവിയും മുര്‍മുവിന്റെ പേരിലാണ്.
റായ് രംഗപൂരിലെ കൗണ്‍സിലര്‍ തിരഞ്ഞെടുപ്പിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 2000 ത്തില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചു. ഝാര്‍ഖണ്ഡിന്റെ ഗവര്‍ണര്‍ പദവിയില്‍ 2015 മുതല്‍ 2021 വരെ തുടര്‍ന്നു. ജൂലൈ 18 ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഗോത്രവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതിയും രണ്ടാമത്തെ വനിതാ രാഷ്ട്രപതിയും ആയിരിക്കും ദ്രൗപതി.

