105-ആം വയസില്‍ 100 മീറ്ററില്‍ റെക്കോഡുമായി രാംബായി

വഡോദര: അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടന്ന ദേശീയ ഓപ്പണ്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്ബ്യന്‍ഷിപ്പില്‍ 100 മീറ്ററില്‍ 105ാം വയസില്‍ റെക്കോര്‍ഡുമായി രാംബായി. 85 വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെ ഓട്ടമത്സരത്തിലായിരുന്നു രാംബായി റെക്കോഡ് സ്വന്തമാക്കിയത്. ഈയിനത്തില്‍ രാംബായി മാത്രമാണ് മത്സരിക്കാനുണ്ടായത്. എന്നിട്ടും രാംബായി റെക്കോര്‍ഡിലേക്ക് ഓടി. വെറും 45.40 സെക്കന്‍ഡിലാണ് 100 മീറ്റര്‍ പൂര്‍ത്തിയാക്കിയത്.

ഹരിയാനയിലെ ദാദ്രി സ്വദേശിനിയാണ് രാംബായ്. 100 മീറ്റര്‍ 74 സെക്കന്‍ഡുകൊണ്ട് മറികടന്ന മാന്‍ കൗറിന്റെ പേരിലായിരുന്നു ഇത്രയും കാലം റെക്കോഡുണ്ടായിരുന്നത്. അടുത്തതായി 200 മീറ്റര്‍ ഓട്ടത്തില്‍ ഒരു കൈ നോക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ മുത്തശ്ശി. 1917 ജനുവരി ഒന്നിന് വഡോദരയില്‍ ജനിച്ച രാംബായി ദിവസവും ഒരു ലിറ്റര്‍ പാല്‍ കുടിച്ചാണ് കായികക്ഷമത നിലനിര്‍ത്തുന്നത്.

‘എപ്പോഴും തയ്യാറായിരുന്നു, പക്ഷേ ഇതിന് മുമ്ബ് ആരും എനിക്ക് അവസരം നല്‍കിയില്ലെന്നുമായിരുന്നു എന്തുകൊണ്ടാണ് നേരത്തെ മത്സരിക്കാത്തതെന്ന് ചോദിച്ചപ്പോഴുള്ള രാംബായിയുടെ മറുപടി. എന്തെങ്കിലും ചെയ്യാന്‍ പ്രായമൊരു തടസമല്ലെന്നും രാംബായ് പറഞ്ഞുവെക്കുന്നു. രണ്ട് ലോകമഹായുദ്ധങ്ങളും ഇന്ത്യാ വിഭജനത്തിനും സാക്ഷിയായ രാംബായി കോവിഡെന്ന മഹാമാരിക്കിടെയാണ് ജീവിക്കുന്നത്. ഇതൊക്കെ സംഭവിച്ചെങ്കിലും രാംബായ് തന്റെ ലക്ഷ്യത്തില്‍ നിന്നും പിന്നോട്ടില്ല.