അഗ്നിപഥ് പദ്ധതി അനിവാര്യം; രാജ്യ സുരക്ഷയെ ബാധിക്കുന്ന വിഷയമെന്ന് ലെഫ്. ജനറൽ അനിൽപുരി

ന്യൂഡൽഹി: യുവജനങ്ങളെ ഭാവിയിലേക്ക് സജ്ജരാക്കുക എന്നതാണ് അഗ്നിപഥ് പദ്ധതിയിൽ വിഭാവനം ചെയ്തിരിക്കുന്നതെന്ന് സൈനികകാര്യ അഡീഷണൽ സെക്രട്ടറി ലെഫ്. ജനറൽ അനിൽപുരി. സാങ്കേതികമായുള്ള അറിവ്, സൈന്യത്തിൽ ചേരാൻ വേണ്ടി ജനങ്ങളെ ആകർഷിക്കുക, വ്യക്തികളെ ഭാവിയിലേക്ക് സജ്ജരാക്കുക തുടങ്ങിയ കാര്യങ്ങളാണ് അഗ്നിപഥ് പദ്ധതികളിൽ കൂടി ലക്ഷ്യമിടുന്നത്. അഗ്നിപഥ് പദ്ധതിയുടെ ഗുണങ്ങളെക്കുറിച്ച് വിവരിക്കാൻ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

അഗ്നിപഥ് പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്നവർ തീവെപ്പുകളിലും അക്രമ സംഭവങ്ങളിലും പങ്കാളികളായിട്ടില്ല എന്ന സത്യവാങ്മൂലം സമർപ്പിക്കണം. റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് ഒരു മാറ്റവും ഉണ്ടാകില്ല. ഇത് രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന വിഷയമാണ്. നേരത്തെ ഉണ്ടായിരുന്ന സൈനികരെ അഗ്നീവീർ സ്‌കീമിലേക്ക് മാറ്റും എന്ന വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ രാജ്യത്ത് ഏറെ അനിവാര്യമാണ് അഗ്നിപഥ് പദ്ധതി. എന്നാൽ ഏറെ ആലോചിച്ചെടുത്ത തീരുമാനത്തിനെതിരെ നിരവധി പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, പതിറ്റാണ്ടുകളായി ചർച്ച ചെയ്ത് എടുത്ത തീരുമാനമാണ് അഗ്നിപഥ് പദ്ധതിയെന്ന് ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ അറിയിച്ചു. അഗ്നിപഥിൽ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.