മനുഷ്യ ജീവന് ഒരു വിലയും കൽപിക്കാത്ത തരത്തിലാണ് ആരോഗ്യ വകുപ്പ് പ്രവർത്തിക്കുന്നത്; രൂക്ഷ വിമർശനവുമായി വി ഡി സതീശൻ

തിരുവനന്തപുരം: ആരോഗ്യ വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് കാലതാമസം വന്നതിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിലാണ് വി ഡി സതീശൻ ആരോഗ്യവകുപ്പിനെതിരെ വിമർശനം ഉന്നയിച്ച് രംഗത്തെത്തിയത്. ആരോഗ്യ വകുപ്പിൽ മന്ത്രിക്ക് യാതൊരു നിയന്ത്രണവുമില്ലെന്ന് അദ്ദേഹം ആരോപിച്ചു.

മനുഷ്യ ജീവന് ഒരു വിലയും കൽപിക്കാത്ത തരത്തിലാണ് ആരോഗ്യ വകുപ്പ് പ്രവർത്തിക്കുന്നത്. മന്ത്രിക്ക് വകുപ്പിൽ ഒരു നിയന്ത്രണവുമില്ല. ചില ആളുകൾ ആരോഗ്യ വകുപ്പിനെ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും അദ്ദേഹം വിമർസിച്ചു.

ഏറ്റവും മോശപ്പെട്ട വകുപ്പ് ആരോഗ്യ വകുപ്പാണെന്ന് ചീഫ് സെക്രട്ടറി പറഞ്ഞിട്ടുണ്ട്. അത് ശരിയാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്ന സംഭവങ്ങളാണ് ഓരോ ദിവസവും നടക്കുന്നത്. മൂന്ന് മണിക്കൂർ കൊണ്ട് ആലുവയിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ച അവയവം എടുത്ത് വയ്ക്കാൻ പോലും ആളുണ്ടായിരുന്നില്ല. പെട്ടി എടുത്ത് കൊണ്ട് ഓടാൻ ഡി.വൈ.എഫ്.ഐക്കാരനെ ആരാണ് ചുമതലപ്പെടുത്തിയതെന്നും അദ്ദേഹം ചോദിക്കുന്നു.

സോഷ്യൽ മീഡിയയിൽ പടം വരാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തത്. ഡോക്ടർമാർ ഈ അവയവം ഏറ്റുവാങ്ങി ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ട് പോകേണ്ടതായിരുന്നു. എന്നാൽ ഓപ്പറേഷൻ തിയേറ്ററിൽ പോലും ഡോക്ടർമാർ ഉണ്ടായിരുന്നില്ല. മണിക്കൂറുകൾ കഴിഞ്ഞാണ് ശസ്ത്രക്രിയ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.