മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രീയ അനിശ്ചിതത്വം. മഹാവികാസ് അഘാഡി സർക്കാർ ഇപ്പോൾ തുലാസ്സിലാടി നിൽക്കുകയാണ്. കോൺഗ്രസ് – എൻസിപി – ശിവസേന സഖ്യസർക്കാരിലെ അഞ്ച് മന്ത്രിമാരടക്കം 22 പേർ ഗുജറാത്തിലെ സൂറത്തിലുള്ള ലെ മെറിഡിയൻ പഞ്ചനക്ഷത്രഹോട്ടലിലേക്ക് മാറി.
താനെ മേഖലയിലെ മുതിർന്ന ശിവസേന നേതാവും നഗരവികസന, പൊതുമരാമത്ത് മന്ത്രിമായ ഏക് നാഥ് ഷിൻഡെയും മറ്റ് 21 എംഎൽഎമാരുമാണ് ഗുജറാത്തിലേക്ക് പോയത്. പാർട്ടിയെ പ്രതിരോധത്തിലാക്കിയ ഏക് നാഥ് ഷിൻഡെയ്‌ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനാണ് ശിവസേനയുടെ തീരുമാനം. നിയമസഭാ കക്ഷി നേതാവായിരുന്ന ഷിൻഡെയെ ശിവസേന തത്സ്ഥാനത്ത് നിന്നും മാറ്റി. അജയ് ചൗധരിയെയാണ് നിയമസഭാ കക്ഷി നേതാവായി നിയമിച്ചിട്ടുള്ളത്.
പദവിക്കായി തങ്ങൾ കൂറുമാറില്ലെന്നാണ് ഏക് നാഥ് ഷിൻഡെ അറിയിച്ചിട്ടുള്ളത്. തങ്ങൾ ബാലാസാഹെബിന്റെ ശക്തരായ അനുയായികളായ ശിവസൈനികരാണെന്നും ബാലാസാഹെബ് തങ്ങളെ പഠിപ്പിച്ചത് ഹിന്ദുത്വമാണെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിന് വേണ്ടി മാത്രം ബാലാസാഹെബിന്റെ തത്വചിന്തകളെ തങ്ങൾ കൈവിടില്ലെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
അതേസമയം, ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും മുതിർന്ന ബിജെപി നേതാക്കളുമായി ഷിൻഡെയുടെ നേതൃത്വത്തിൽ എംഎൽഎമാർ ചർച്ച നടത്തുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ശിവസേനയിലും കോൺഗ്രസിലും ചർച്ചകൾ നടക്കുന്നുണ്ട്.

