പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി യശ്വന്ത് സിന്‍ഹ

യശ്വന്ത് സിന്‍ഹ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാവും. ഡല്‍ഹിയില്‍ ചേര്‍ന്ന 17 പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലാണ് തീരുമാനമായത്.

2018ല്‍ ബിജെപി വിട്ട അദ്ദേഹം കഴിഞ്ഞ വര്‍ഷമാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സ്ഥാനാര്‍ത്ഥിയാകണമെങ്കില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷ സ്ഥാനം രാജിവെക്കണമെന്ന് കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും സിന്‍ഹയോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം അദ്ദേഹം അംഗീകരിച്ചതോടെയാണ് സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചത്. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, മഹാത്മാഗാന്ധിയുടെ ചെറുമകന്‍ ഗോപാല്‍ കൃഷ്ണ ഗാന്ധി, നാഷണല്‍ കോണ്‍ഫറന്‍സ് തലവന്‍ ഫാറൂഖ് അബ്ദുള്ള എന്നിവര്‍ രാഷ്ട്രതി സ്ഥാനാര്‍ത്ഥിയാകാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചതിനു പിന്നാലെയാണ് യശ്വന്ത് സിന്‍ഹയുടെ പേര് ഉയര്‍ന്നു വന്നത്.

അതേസമയം, നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ജൂണ്‍ 29 ആണ്. ജൂലൈ 18നാണ് വോട്ടെടുപ്പ്. ജൂലൈ 21നാണ് വോട്ടെണ്ണല്‍ നടത്തുക. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജുലൈ 24നാണ് അവസാനിക്കുന്നത്.