കൊച്ചി: ക്രൈം നന്ദകുമാറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. വ്യാജ അശ്ലീല വീഡിയോ കേസുമായി ബന്ധപ്പെട്ടാണ് നടപടി. വെള്ളിയാഴ്ച വരെയാണ് നന്ദകുമാറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. അതേസമയം, തന്നെ അറസ്റ്റ് ചെയ്ത കേസുമായി ബന്ധപെട്ടല്ല സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അന്വേഷണ സംഘം ചോദിക്കുന്നതെന്നാണ് നന്ദകുമാർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
വനിത മന്ത്രിയുടെ അശ്ലീല വീഡിയോ നിർമ്മിക്കാൻ ജീവനക്കാരിയെ നിർബന്ധിച്ചെന്ന പരാതിയിലാണ് ക്രൈം വാരികയുടെ ഉടമസ്ഥൻ നന്ദകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം നോർത്ത് പൊലീസിൽ ജീവനക്കാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നന്ദകുമാറിന്റെ ഉടമസ്ഥതയിലുള്ള ക്രൈം ഓൺലൈൻ എന്ന സ്ഥാപനത്തിലെ മുൻ ജീവനക്കാരിയാണ് പരാതി നൽകിയത്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കലൂർ ഫ്രീഡം റോഡിലെ ഓഫീസിൽ വെച്ചായിരുന്നു സംഭവം നടന്നത്.
സംസ്ഥാനത്തെ വനിത മന്ത്രിയുടെ അശ്ലീല വീഡിയോ നിർമ്മിക്കണമെന്ന് യുവതിയോട് ക്രൈം നന്ദകുമാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ യുവതി ഈ ആവശ്യം നിരസിച്ചതോടെ ഇയാൾ ഇവരെ മാനസികമായി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് യുവതി സ്ഥാപനം വിടുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനും പട്ടികവർഗ അതിക്രമം തടയൽ തുടങ്ങി ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പോലീസ് ക്രൈം നന്ദകുമാറിനെതിരെ കേസെടുത്തത്.

