തൃശൂര്‍: സ്വര്‍ണ്ണക്കടത്ത് കേസില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് സ്വപ്ന സുരേഷ്. സര്‍ക്കാര്‍ രഹസ്യമൊഴിയുടെ പേരില്‍ തന്നെയും അഭിഭാഷകനെയും എച്ച്ആര്‍ഡിഎസിനെയും നിരന്തരം ദ്രോഹിക്കുകയാണ്. കേസില്‍ പ്രധാന പങ്ക് വഹിച്ചത് ശിവശങ്കര്‍ ഐഎഎസ് ആണ്. മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ടെന്നും കത്തില്‍ വ്യക്തമാക്കുന്നു. അതിനാല്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ഉണ്ടാകണമെന്നും നേരിട്ട് കാണാന്‍ അനുമതി നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് കസ്റ്റംസിന് നല്കിയ 164 മൊഴി പകര്‍പ്പ് എന്‍ഫോഴ്സ്മെന്റിന് നല്കാന് കോടതി ഉത്തരവിട്ടിരുന്നു. അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇഡിയുടെ അപേക്ഷ പരിഗണിക്കുന്നതിനെ കസ്റ്റംസ് എതിര്‍ത്തില്ല. തുടര്‍ന്നാണ് സ്വപ്ന സുരേഷ്, സരിത് എന്നിവര്‍ നല്കിയ മൊഴികളില്‍ ഒന്ന് ഇഡിക്ക് നല്കാന് സാമ്ബത്തിക കുറ്റാന്വേഷണ കോടതി ഉത്തരവിട്ടത്. ഡോളര്‍ കടത്ത് കേസില്‍ 164 മൊഴി ആവശ്യപ്പെട്ടുള്ള ഇ.ഡി ഹര്‍ജിയില്‍ കസ്റ്റംസ് വിശീദകരണം കേട്ട ശേഷം തീരുമാനമെടുക്കാമമെടുക്കാമെന്ന് കോടതി വ്യക്തമാക്കി.
അതേസമയം, മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണമാണ് സ്വപ്ന സുരേഷിന്റെ സത്യവാങ്മൂലത്തില്‍ ഉണ്ടായിരുന്നത്. മകള്‍ വീണയ്ക്ക് ഷാര്‍ജയില്‍ ഐടി വ്യവസായം തുടങ്ങാന്‍ മുഖ്യമന്ത്രി ഷാര്‍ജ ഭരണാധികാരിയോട് സഹായം തേടിയെന്നാണ് വെളിപ്പെടുത്തല്‍. ക്ലിഫ് ഹൗസില്‍ അടച്ചിട്ട മുറിയില്‍ നടന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമൊപ്പം എം. ശിവശങ്കറും നളിനി നെറ്റൊയും ഉണ്ടായിരുന്നു. ക്ളിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്ബില്‍ ലോഹവസ്തുക്കള്‍ കൊണ്ടുപോയത് സംബന്ധിച്ച് ശിവശങ്കറുമായി നടത്തിയ വാട്സ്ആപ് ചാറ്റുകള്‍ കോടതിയിലുണ്ടെന്നും സത്യവാങ്മൂലത്തിലുണ്ട്. പിന്നീട് ഷാര്‍ജ ഐടി മന്ത്രിയുമായും മുഖ്യമന്ത്രി ഇക്കാര്യം സംസാരിച്ചു. ഭരണാധികാരിയെ സന്തോഷിപ്പിക്കാന്‍ സ്വര്‍ണ്ണ ആഭരണങ്ങള്‍ സമ്മാനമായി നല്കാന് മുഖ്യമന്ത്രിയുടെ ഭാര്യ ശ്രമിച്ചെങ്കിലും ഭരണാധികാരികള്‍ സമ്മാനം കൈപ്പറ്റാറില്ലെന്ന് അറയിച്ച് താന്‍ തടഞ്ഞെന്നും സത്യവാങ്മൂലത്തിലുണ്ട്. ഇത്തരം നടപടികളില്‍ അതൃപ്തി കാരണം ഐടി സംരഭം തുടങ്ങാനുള്ള നീക്കം പരാജയപ്പെട്ടു. സ്വര്‍ണ്ണക്കടത്തില്‍ രഹസ്യമൊഴി നല്കാന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്കിയ അപേക്ഷയൊടൊപ്പം നല്കിയ സത്യവാങ്മൂലത്തിലാണ് സ്വപ്നയുടെ ഗുരുതര വെളിപ്പെടുത്തലിന്റെ വിശദാംശങ്ങളുള്ളത്.

