തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ വൈകിയതിന് പിന്നാലെ രോഗി മരിച്ച സംഭവത്തിൽ രണ്ടു ഡോക്ടർമാർക്കെതിരെ നടപടി സ്വീകരിച്ച് ആരോഗ്യ വകുപ്പ്. ഡോക്ടർമാരെ സസ്പെൻഡ് ചെയ്തതായി ആരോഗ്യ വകുപ്പ് അറിയിച്ചു. യൂറോളജി, നെഫ്രോളജി വിഭാഗത്തിലെ രണ്ടു ഡോക്ടർമാരെയാണ് സസ്പെൻഡ് ചെയ്തതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി.
രോഗിയുടെ മരണ കാരണം അറിയാൻ പോസ്റ്റ്മോർട്ടം നടത്തുമെന്നും മന്ത്രി വിശദമാക്കി. എന്നാൽ സംഭവത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്നായിരുന്നു ഡോക്ടർമാരുടെ വിശദീകരണം. എന്നാൽ, രോഗി മരിക്കാനിടയായത് ചികിത്സയിലെ വീഴ്ചകൊണ്ടല്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
രോഗിയെ സജ്ജമാക്കുന്നതിനുള്ള സമയം മാത്രമേ എടുത്തിട്ടുള്ളുവെന്നു നെഫ്രോളജി വിഭാഗം ഡോക്ടർമാർ പറഞ്ഞു. രോഗിയെ വീട്ടിൽനിന്ന് എത്തിക്കുകയായിരുന്നു. ശസ്ത്രക്രിയയെ തുടർന്നുള്ള സങ്കീർണതയാണ് മരണകാരണമെന്നും ഡോക്ടർമാർ വിശദമാക്കി. കാരക്കോണം സ്വദേശി സുരേഷാണ് വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്കിടെ മരിച്ചത്. രോഗി മരിച്ചത് ഹൃദയസ്തംഭനം മൂലമെന്ന് ഡോക്ടർമാർ അറിയിച്ചെന്ന് സുരേഷിന്റെ ബന്ധു അനിൽകുമാർ പറഞ്ഞു. ശസ്ത്രക്രിയയിൽ കാലതാമസമുണ്ടായോ എന്നതിൽ തെളിവില്ല. രോഗിയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
രോഗി മരിച്ചതിൽ വീഴ്ചയുണ്ടായില്ലെന്നും രോഗിയെ സജ്ജമാക്കുന്നതിനുള്ള സമയം മാത്രമേ എടുത്തിട്ടുള്ളുവെന്ന് നെഫ്രോളജി വിഭാഗം ഡോക്ടർമാർ പറഞ്ഞിരുന്നു. സുരേഷിനെ വീട്ടിൽ നിന്ന് എത്തിക്കുകയായിരുന്നു. ശസ്ത്രക്രിയയെ തുടർന്നുള്ള സങ്കീർണതയാണ് മരണകാരണമെന്നും ഡോക്ടർമാർ വിശദീകരിച്ചുവെന്നും ബന്ധു പറഞ്ഞു.
അതേസമയം, യാത്ര വൈകിയിട്ടില്ലെന്നും ആംബുലൻസ് 5.30 ഓടെ ആശുപത്രിയിലെത്തിയെന്നും ആംബുലൻസ് ഡ്രൈവർ അറിയിച്ചു. മസ്തിഷ്ക മരണം സംഭവിച്ച രോഗിയിൽ നിന്ന് എടുത്ത വൃക്കയുമായി ഉച്ചയ്ക്ക് 2.40 ന് എറണാകുളം രാജഗിരി മെഡിക്കൽ കോളജിൽ നിന്നും ആംബുലൻസ് പുറപ്പെട്ടുവെന്നും ഒരിടത്തുപോലും ആംബുലൻസിന്റെ വേഗം 60 കിലോമീറ്ററിൽ താഴെ പോകേണ്ടി വന്നിട്ടില്ലെന്ന് ആംബുലൻസ് ഡ്രൈവർ വ്യക്തമാക്കി.

