ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ അഗ്‌നിപഥ് പദ്ധതി അനുസരിച്ച് അഗ്‌നിവീരന്മാരെ നിയമിക്കുന്നതിന് കരസേന കരട് വിജ്ഞാപനം പുറത്തിറക്കി. റിക്രൂട്ട്മെന്റ് റാലി വഴി തിരഞ്ഞെടുക്കുന്നതിനുള്ള രജിസ്ട്രേഷന്‍ നടപടികള്‍ ജൂലൈയില്‍ ആരംഭിക്കുമെന്ന് കരസേന അറിയിച്ചു. ആദ്യവര്‍ഷം മൂന്നു സര്‍വീസുകളിലുമായി 45,000 പേരെ തിരഞ്ഞെടുക്കും. അഗ്‌നിവീര്‍ എന്നത് പ്രത്യേക റാങ്ക് ആയിരിക്കുമെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. മൂന്നു സര്‍വീസുകളില്‍ കരസേനയാണ് ആദ്യ വിജ്ഞാപനം പുറപ്പെടുവിച്ചത്.
കരസേനയില്‍ ഡിസംബര്‍ ആദ്യവാരവും ഫെബ്രുവരി 23നുമായി രണ്ടു ബാച്ചുകളിലായി പരിശീലനം തുടങ്ങാനാണ് തീരുമാനം. ആഗസ്റ്റ് പകുതി മുതല്‍ നവംബര്‍ വരെ രാജ്യമെമ്ബാടും 83 റിക്രൂട്ട്‌മെന്റ് റാലികള്‍ നടത്തുമെന്ന് സൈനികകാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ലെഫ്റ്റനന്റ് ജനറല്‍ അനില്‍ പുരി അറിയിച്ചു. ആദ്യബാച്ചില്‍ 25,000 പേര്‍ കരസേനയില്‍ ചേരും. രണ്ടാമത്തെ ബാച്ചിലൂടെ 15,000 പേരും സേനയിലെത്തും. നാവികസേനയിലെ നിയമനത്തിന്റെ വിശദരൂപരേഖ ജൂണ്‍ 26 ന് പ്രസിദ്ധീകരിക്കും. വനിതകള്‍ക്കും അവസരം ലഭിക്കും. യുദ്ധക്കപ്പലിലും വനിതകള്‍ക്ക് നിയമനം ലഭിക്കും. ആദ്യ ബാച്ചിന്റെ പരിശീലനം നവംബര്‍ 21 ന് ആരംഭിക്കും. വ്യോമസേനയില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂണ്‍ 24 ന് തുടങ്ങും. ഓണ്‍ലൈന്‍ പരീക്ഷ ജൂലൈ 24 മുതല്‍. ആദ്യബാച്ചിന്റെ പരിശീലനം ഡിസംബര്‍ 30 മുതല്‍ നടക്കും. മെഡിക്കല്‍ ബ്രാഞ്ചിലെ ടെക്നിക്കല്‍ കേഡര്‍ ഒഴികെ ഇന്ത്യന്‍ സൈന്യത്തിലേക്കുള്ള ഏക പ്രവേശനമാര്‍ഗം അഗ്‌നിപഥ് മാത്രമാണ്. സേനയുടെ റിക്രൂട്ട്മെന്റ് വെബ്സൈറ്റ് വഴിയുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പുതിയ നിയമന രീതിക്ക് കീഴിലുള്ള എല്ലാ ജോലിക്കും നിര്‍ബന്ധമാണെന്ന് സൈന്യം അറിയിച്ചു.
അതേസമയം, ജൂണ്‍ 14നാണ് അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചത്. യുവാക്കളുടെ സ്ഥിര ജോലി എന്ന സ്വപ്നത്തെ പുതിയ പദ്ധതി ബാധിക്കുമെന്ന ആശങ്കയില്‍ ശക്തമായ പ്രതിഷേധമാണ് രാജ്യത്ത് ഉയര്‍ന്നിരിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ രണ്ടു വര്‍ഷം സൈനിക റിക്രൂട്ട്മെന്റുകള്‍ നടക്കാതിരുന്ന സാഹചര്യത്തില്‍ പുതിയ റിക്രൂട്ട്മെന്റിനായി പരിശീലനം തുടരുകയായിരുന്നെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. 17.5 മുതല്‍ 21 വയസ് വരെയുള്ളവര്‍ക്ക് മാത്രമേ അപേക്ഷിക്കാനാവൂ എന്നത് ഇങ്ങനെ കാത്തിരുന്നവര്‍ക്ക് തിരിച്ചടിയാണെന്നും ഉദ്യോഗാര്‍ഥികള്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ ആദ്യ ബാച്ചിന് കേന്ദ്ര സര്‍ക്കാര്‍ വയസിളവ് പ്രഖ്യാപിച്ചിരുന്നു. പക്ഷേ നാലു വര്‍ഷം കഴിഞ്ഞ് പുറത്തിറങ്ങുന്ന 75 ശതമാനം പേര്‍ എന്തുചെയ്യുമെന്നാണ് വിദ്യാര്‍ത്ഥികളുടെ ചോദ്യം. ബിഹാറില്‍ തുടങ്ങിയ പ്രതിഷേധം എട്ട് സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചു. പലയിടത്തും അക്രമാസക്തമായി. എന്നാല്‍, പദ്ധതിയില്‍നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് കേന്ദ്രം. വീരമൃത്യു വരിക്കുന്ന അഗിനിവീരന്മാരുടെ കുടുംബത്തിന് ഒരുകോടി രൂപ സഹായധനം നല്‍കും. സൈനികര്‍ക്ക് നിലവിലുള്ള അപായസാധ്യതാ (റിസ്‌ക്) ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ അഗ്‌നിവീരര്‍ക്കും നല്‍കും. സേവനവ്യവസ്ഥകളില്‍ വേര്‍തിരിവുണ്ടാകില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. രാജ്യവ്യാപകമായി നടക്കുന്ന അക്രമങ്ങളില്‍ പൊതുമുതല്‍ നശിപ്പിച്ച പ്രക്ഷോഭകാരികള്‍ക്ക് പദ്ധതിയിലൂടെ നിയമനമുണ്ടാകില്ലെന്ന് ലെഫ്. ജനറല്‍ അനില്‍ പുരി അറിയിച്ചിരുന്നു.

