തിരുവനന്തപുരം: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങള്ക്കുള്ള നിരോധനം ജൂലൈ 1 മുതല്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധനയും പിഴ ഈടാക്കലും ഊര്‍ജ്ജിതമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി.
പ്ലാസ്റ്റിക് സ്ട്രോ, പ്ലേറ്റ്, കപ്പ് തുടങ്ങി ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങള്ക്കുള്ള നിരോധനം രാജ്യത്തു പ്രാബല്യത്തിലാകുന്ന സാഹചര്യത്തിലാണ് ഇത്. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ ഹരിത ചട്ട പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കും. 2020 ജനുവരി 1 മുതലാണ് ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക്കിനുള്ള നിരോധനം സംസ്ഥാനത്ത് നടപ്പാക്കിയത്. രണ്ടാഴ്ചയ്ക്കു ശേഷമാണു പിഴ ഈടാക്കി തുടങ്ങിയത്. 11 ഇനം പ്ലാസ്റ്റിക് വിഭാഗങ്ങള്‍ക്കാണു പിഴ നിശ്ചയിച്ചിരുന്നത്. ആദ്യ നിയമ ലംഘനത്തിനു 10,000 രൂപയും ആവര്‍ത്തിച്ചാല്‍ 25,000 രൂപയും മൂന്നാം തവണയും ലംഘിച്ചാല്‍ 50,000 രൂപയും പിഴ ഈടാക്കുമെന്നായിരുന്നു ഉത്തരവ്.
അതേസമയം, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങളുമായി ബന്ധപ്പെട്ട് കൊവിഡ് കാലത്ത് വ്യാപാരികള്‍ക്കു നല്‍കിയിരുന്ന ഇളവുകള്‍ ഇനി മുതല്‍ നല്‍കേണ്ടതില്ലെന്നും നിര്‍ദ്ദേശമുണ്ട്.

