രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; തന്നെക്കാൾ അർഹരായവരുണ്ടെന്ന് ഗോപാൽകൃഷ്ണ ഗാന്ധി

ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ഗോപാൽകൃഷ്ണ ഗാന്ധി. വാർത്താക്കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്ട്രപതിയാകാൻ തന്നെക്കാൾ അർഹരായവരുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥിയായി ഗോപാൽകൃഷ്ണ ഗാന്ധിയെ പ്രഖ്യാപിക്കാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് പിന്മാറ്റം അറിയിച്ചത്.

എൻസിപി അധ്യക്ഷൻ ശരദ് പവാറും ഫറൂഖ് അബ്ദുള്ളയും നേരത്തെ രാഷ്ട്രപതിയായി മത്സരിക്കുന്നനതിൽ നിന്നും പിന്മാറിയിരുന്നു. ജമ്മു കശ്മീരിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ തന്റെ പ്രവർത്തനം ഇവിടുത്തെ ജനങ്ങൾക്ക് ആവശ്യമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഫറൂഖ് അബ്ദുള്ള പിന്മാറിയത്. രാജ്യത്തെ ഏറ്റവും ഉയർന്ന സ്ഥാനത്ത് ഇരിക്കുക എന്നത് അഭിമാനകരമായ കാര്യമാണെങ്കിലും ജമ്മു കാശ്മീർ ഏറ്റവും നിർണായകമായ ഘട്ടത്തിൽ കൂടി കടന്നുപോകുന്ന ഈ സാഹചര്യത്തിൽ തന്റെ സാന്നിദ്ധ്യം ഇവിടെ ആവശ്യമാണെന്ന് ഫറൂഖ് അബ്ദുള്ള അറിയിച്ചു. മുതിർന്നവരോടും സഹപ്രവർത്തകരോടും കൂടിയാലോചിച്ച ശേഷമാണ് താൻ തീരുമാനമെടുത്തതെന്നും അദ്ദേഹം അറിയിച്ചു.

ശരത് പവാറിനെയായിരുന്നു പ്രതിപക്ഷം രാഷ്ട്രപതി സ്ഥാനാർത്ഥിയായി ആദ്യം പരിഗണിച്ചിരുന്നത്. എന്നാൽ, അദ്ദേഹം ഈ നീക്കത്തിൽ നിന്നും പിന്മാറി. ശരത് പവാറിന് പിന്നാലെ ഫറൂഖ് അബ്ദുള്ളയും പിന്മാറിയതോടെയാണ് ഗോപാൽകൃഷ്ണ ഗാന്ധിയെ തെരഞ്ഞെടുത്തത്.

രാഷ്ട്രപതിയുടെ പരമോന്നത പദവിയിലേക്കുള്ള വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥിയായി തന്റെ പേര് പരിഗണിക്കുമെന്ന് ബഹുമാന്യരായ പലനേതാക്കളും പറഞ്ഞിരുന്നു. അവരോടെല്ലാം തനിക്ക് നന്ദിയുണ്ട്. എന്നാൽ കൂടുതൽ ആലോചിച്ചപ്പോൾ തന്നേക്കാൾ കഴിവും യോഗ്യതയുമുള്ള നിരവധി പേർ പ്രതിപക്ഷത്തുണ്ടെന്ന് ബോധ്യമായെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ അത്തരമൊരു വ്യക്തിക്ക് അവസരം നൽകണമെന്ന് താൻ നേതാക്കളോട് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.