കോഴിക്കോട്: മുക്കം സാമൂഹികാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമിക്കാനായി രാഹുൽ ഗാന്ധി എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 40 ലക്ഷം രൂപ വേണ്ടെന്ന ആവശ്യവുമായി മുക്കം നഗരസഭ. ഫണ്ട് തിരിച്ചെടുക്കണമെന്നാണ് മുക്കം നഗരസഭ ഉന്നയിക്കുന്ന ആവശ്യം. 40 ലക്ഷം രൂപ ഈ വർഷം ചെലവാക്കുന്നതിന് സാങ്കേതിക ബുദ്ധിമുട്ടുണ്ടെന്ന് മുക്കം നഗരസഭ അറിയിച്ചു.
ഈ മാസം ആറിനു ചേർന്ന നഗരസഭാ ഭരണ സമിതിയാണ് 40 ലക്ഷം രൂപ റദ്ദാക്കാൻ തീരുമാനിച്ചത്. ഇക്കാര്യം ആവശ്യപ്പെട്ട് കളക്ടർക്കും ജില്ലാ പ്ലാനിങ് ഓഫീസർക്കും മുക്കം നഗരസഭാ സെക്രട്ടറി കത്തയക്കുകയും ചെയ്തു. സിഎച്ച്‌സിയുടെ മാസ്റ്റർപ്ലാൻ തയ്യാറായിക്കൊണ്ടിരിക്കുന്നതിനാൽ അനുവദിച്ച തുക ഈ വർഷം ചെലവഴിക്കാൻ സാധിക്കില്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, വിഷയത്തിൽ ഉചിതമായ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് കളക്ടർ രാഹുൽഗാന്ധി എം.പി.ക്ക് കത്തയച്ചിട്ടുണ്ട്. നഗരസഭയുടെ നടപടിക്കെതിരേ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷപാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തി. സിപിഎം ഭരിക്കുന്ന നഗരസഭ രാഷ്ട്രീയം കളിക്കുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. നഗരസഭ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും കോൺഗ്രസ് അറിയിച്ചു. മുക്കം സാമൂഹികാരോഗ്യ കേന്ദ്രത്തിന് സമീപത്തുള്ള സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ആശുപത്രിയെ സംരക്ഷിക്കാനാണ് ഈ നീക്കമെന്ന് പ്രതിപക്ഷം ആരോപിച്ചു.
കിഫ്ബിയിൽനിന്ന് മൂന്നുകോടിയോളം രൂപ മുക്കം സാമൂഹികാരോഗ്യ കേന്ദ്രത്തിന് കെട്ടിടം പണിയാനായി അനുവദിച്ചിട്ടുണ്ടെന്നും അതിനാലാണ് രാഹുൽഗാന്ധി അനുവദിച്ച പണം വേണ്ടെന്നുവെക്കാൻ തീരുമാനിച്ചതെന്നുമാണ് അധികൃതർ നൽകുന്ന വിശദീകരണം.

