ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ ചോദ്യവുമായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. എത്ര സമരക്കാരുടെ വീടുകൾ കേന്ദ്ര സർക്കാർ ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്ന് ഒവൈസി ചോദിച്ചു. മുഹമ്മദ് നബിയെ കുറിച്ച് സസ്പെൻഡ് ചെയ്യപ്പെട്ട ബിജെപി നേതാവ് നൂപുർ ശർമ്മയുടെ പരാമർശത്തിനെതിരെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായവർക്കെതിരെ വീട് തകർക്കുന്ന നടപടിയുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ പരാമർശം.
അഗ്നിപഥ് പദ്ധതിക്കെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെറ്റായ തീരുമാനം കാരണം യുവാക്കൾ തെരുവിലിറങ്ങിയിരിക്കുകയാണ്. എത്ര പ്രതിഷേധക്കാരുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കും. ആരുടേയും വീട് പൊളിക്കണമെന്ന് തങ്ങൾ ആഗ്രഹിക്കുന്നില്ല. അഗ്നിപഥിനെതിരെയുള്ള പ്രതിഷേധക്കാർ കുട്ടികളെപ്പോലെയാണെന്നും അവർക്ക് ഉപദേശം നൽകണമെന്നുമാണ് യുപിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞത്. എന്തേ മുസ്ലീങ്ങൾ നിങ്ങളുടെ കുട്ടികളല്ലേയെന്നും അദ്ദേഹം ചോദിക്കുന്നു.
തങ്ങളും ഈ രാജ്യത്തിന്റെ മക്കളാണ്. നിങ്ങൾ തങ്ങളോട് സംസാരിക്കൂ. കഴിഞ്ഞ വെള്ളിയാഴ്ച നിങ്ങൾ ഞങ്ങളോട് സംസാരിക്കേണ്ടതായിരുന്നു. കഴിഞ്ഞ ജുമുഅ നമസ്കാരത്തിന് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവാചകനെ കുറിച്ചുള്ള പരാമർശത്തിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. പ്രയാഗ്രാജിൽ നടന്ന അക്രമത്തിലെ മുഖ്യപ്രതി ജാവേദ് മുഹമ്മദിന്റെ വീട് തകർത്തതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.
ജെഎൻയു വിദ്യാർത്ഥി നേതാവ് അഫ്രിൻ ഫാത്തിമയുടെ പിതാവാണ് ജാവേദ് മുഹമ്മദ്. അഫ്രീൻ ഫാത്തിമയുടെ വീട് തകർത്തു. അവന്റെ അച്ഛൻ ഒരു പ്രകടനത്തിൽ പങ്കെടുത്തതാണ് ഇതിന് കാരണം. സ്വാഭാവിക നീതിയുടെ തത്വം ഭരണഘടനയുടെ അടിസ്ഥാന ഭാഗമാണ്. കോടതിക്ക് അവരെ ശിക്ഷിക്കാം. പക്ഷേ ഭാര്യയെയും മകളെയും അല്ല ശിക്ഷിക്കേണ്ടത്. ഇതാണോ നിങ്ങളുടെ നീതിയെന്നും ഒവൈസി ചോദിക്കുന്നു. പ്രവാചകനെ നിന്ദിച്ച നൂപുർ ശർമ്മയെ അറസ്റ്റ് ചെയ്യുകയും അവർക്കെതിരെ ഇന്ത്യൻ നിയമമനുസരിച്ച് നടപടിയെടുക്കുകയും വേണം. ഭരണഘടനാ പ്രകാരമുള്ള നടപടിയാണ് തങ്ങൾ ആവശ്യപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

