അഗ്നിപഥ്: സൈനിക മേധാവിമാരുടെ യോഗം വീണ്ടും വിളിച്ച് പ്രതിരോധ മന്ത്രി

ന്യൂഡല്‍ഹി: കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ, നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍.ഹരികുമാര്‍, വ്യാമസേനാ മേധാവി ചീഫ് മാര്‍ഷല്‍ ബി.ആര്‍.ചൗധരി എന്നിവരുടെ യോഗം വിളിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. പ്രതിരോധ സെക്രട്ടറി അജയ് കുമാറും രാജ്‌നാഥ് സിംഗിന്റെ വസതിയില്‍ ചേരുന്ന യോഗത്തില്‍ പങ്കെടുത്തു. അഗ്‌നിപഥ് പദ്ധതിക്കെതിരെയുള്ള പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് രാജ്‌നാഥ് സിംഗ് 24 മണിക്കൂറിനിടെ രണ്ടാമതും യോഗം വിളിച്ചത്.

അഗ്‌നിപഥ് പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് കേന്ദ്രം കഴിഞ്ഞ ദിവസവും പ്രഖ്യാപിച്ചിരുന്നു. പദ്ധതിക്കായുള്ള റിക്രൂട്ട്‌മെന്റ് നാളെ തുടങ്ങാനാണ് കേന്ദ്ര സര്‍ക്കാര്‍ സേനാ വിഭാഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നത്. ഇതനുസരിച്ച് നാവികസേനയില്‍ നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്.

അതേസമയം, പദ്ധതിയില്‍ നിന്ന് പിന്മാറണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ് പ്രതിപക്ഷ കക്ഷികള്‍. ജെഡിയു ഉള്‍പ്പെടെയുള്ള സഖ്യ കക്ഷികളും അഗ്‌നിപഥിനെതിരെ സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. പദ്ധതി അവതരിപ്പിച്ച രീതി ശരിയായില്ലെന്ന വിലയിരുത്തലാണ് ആര്‍എസ്എസിനുമുള്ളത്. പദ്ധതിക്കെതിരായ പ്രതിഷേധങ്ങള്‍ രാജ്യമെങ്ങും കനക്കുകയാണ്. അഗ്‌നിപഥ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ബീഹാറില്‍ രണ്ട് സൈനിക പരീക്ഷാ പരിശീലന കേന്ദ്രങ്ങള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.