തിരുവനന്തപുരം: നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ പുതിയ വെളിപ്പെടുത്തലുമായി അതിജീവിത. ബലാത്സംഗ പരാതി പിൻവലിക്കാൻ പ്രതിസ്ഥാനത്തുള്ള വിജയ്ബാബു ഒരു കോടി രൂപ വാഗ്ദാനം ചെയ്തുവെന്നാണ് അതിജീവിതയുടെ വെളിപ്പെടുത്തൽ. ദുബായിൽ വെച്ച് ഒരു സുഹൃത്ത് വഴിയാണ് പണം വാഗ്ദാനം ചെയ്തതെന്നും കേസ് പിൻവലിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് തന്നോട് വിജയ് ബാബു പറഞ്ഞുവെന്നും അതിജീവിത പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.
തനിക്ക് നീതി കിട്ടും വരെ പോരാടും. പണം വാങ്ങി തനിക്ക് സുഖമായി ജീവിക്കാമായിരുന്നു. എന്നാൽ ആ വഴി താൻ തെരഞ്ഞെടുക്കുന്നില്ലെന്നും അതിജീവിത വ്യക്തമാക്കി. കേസിന്റെ ഒരു ഘട്ടത്തിൽ ഒരുപക്ഷേ പേര് പുറത്ത് വന്നേക്കാമെന്ന് അഭിഭാഷകർ നടിയെ നേരത്തേ അറിയിച്ചിട്ടുണ്ടായിരുന്നു. അതിനായി മനസിനെ പാകപ്പെടുത്തി വെച്ചിട്ടുമുണ്ടായിരുന്നു. പക്ഷേ ഒട്ടും പ്രതീക്ഷിക്കാതെയാണ് വിജയ് ബാബു ലൈവിലെത്തിയത്. അന്ന് രാത്രി തനിക്ക് ഉറങ്ങാനായിട്ടില്ലെന്ന് നടി അറിയിച്ചു.
വീട്ടുകാർക്കും അതൊരു വലിയ ട്രോമയായിരുന്നു. സഹോദരനെ വല്ലാതെ അത് ബാധിക്കുകയും അതൊരു വല്ലാത്ത മാനസികാവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു ആ സമയത്ത്. സഹോദരനെ അവന്റെ കൂട്ടുകാർ പരിഹസിക്കുകയും വീട്ടുകാരെ ബന്ധുക്കളും അയൽവാസികളും നാട്ടുകാരും ചേർന്ന് കുറ്റപ്പെടുത്തുകയുമൊക്കെ ചെയ്തത് വല്ലാത്ത മാനസികാവസ്ഥയിലേക്കും പ്രതിസന്ധിയിലേക്കും എത്തിച്ചിരുന്നുവെന്നും അതിജീവിത അഭിമുഖത്തിൽ വെളിപ്പെടുത്തി.

