അഗ്നിപഥ് പദ്ധതി; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന സാമൂഹ്യ മാദ്ധ്യമ ഗ്രൂപ്പുകളെ നിരീക്ഷിക്കാൻ നിർദ്ദേശം നൽകി ഇന്റലിജൻസ്

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിയെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന സാമൂഹ്യ മാദ്ധ്യമ ഗ്രൂപ്പുകളെ നിരീക്ഷിക്കാൻ നിർദ്ദേശം നൽകി ഇന്റലിജൻസ് ഏജൻസികൾ. പോലീസിനെയും പൊതു സ്വത്തുക്കളെയും ലക്ഷ്യമാക്കിയുള്ള പ്രതിഷേധത്തിൽ ചേരുന്ന സാമൂഹിക വിരുദ്ധരെ നിരീക്ഷിക്കണമെന്നാണ് ഇന്റലിജൻസ് ഏജൻസികൾ പൊലീസിന് നൽകിയിരിക്കുന്ന നിർദ്ദേശം.

ഡിഫൻസ് പരീക്ഷാ തയ്യാറെടുപ്പുകൾക്കായി കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷിക്കണമെന്നാണ് നിർദ്ദേശിച്ചിട്ടുള്ളത്. സ്ഥാപനങ്ങളുടെ ഉടമകളുമായി സംസാരിക്കാനും അഗ്നിപഥ് റിക്രൂട്ട്മെന്റ് സ്‌കീമിനെക്കുറിച്ചുള്ള അവരുടെ സംശയങ്ങൾക്ക് വ്യക്തത വരുത്താനും ഇന്റലിജൻസ് ബ്യൂറോ ആവശ്യപ്പെട്ടു. സമാധാനം നിലനിർത്താൻ വിദ്യാർത്ഥികളോട് അഭ്യർത്ഥിക്കാനും ഗ്രൗണ്ടിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കിയതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുകയാണ്. തുടർച്ചയായ മൂന്നാം ദിവസവും പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷന്റെ ഒന്ന് മുതൽ 10 വരെയുള്ള പ്ലാറ്റ്‌ഫോം പ്രതിഷേധക്കാർ ആക്രമിച്ചു. ട്രാക്ക് ഉപരോധിച്ച പ്രതിഷേധക്കാർ വലിയ നാശനഷ്ടങ്ങൾ ഇവിടെ ഉണ്ടാക്കിയതായാണ് വിവരം. സെക്കന്തരാബാദിൽ ഒരാൾ മരിച്ചുവെന്നും 15 പേർക്ക് പരിക്കേറ്റുവെന്നുമാണ് വിവരം.

350 ലേറെവരുന്ന പ്രതിഷേധക്കാരാണ് വെള്ളിയാഴ്ച സെക്കന്തരാബാദ് റെയിൽവെ സ്റ്റേഷനിലെത്തിയത്. ആ സമയത്ത് പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ ആവശ്യമായ സുരക്ഷാ ഉദ്യോഗസ്ഥർ സ്റ്റേഷനിൽ ഉണ്ടായിരുന്നില്ല. അതേസമയം, സംഘർഷ സാധ്യത കണക്കിലെടുത്ത് ഹൈദരാബാദ് നഗരത്തിൽ സുരക്ഷ വർദ്ധിപ്പിച്ചു. റെയിൽവെ സ്റ്റേഷനിൽ പ്രക്ഷോഭകർ അക്രമത്തിനും തീവെപ്പിനും ശ്രമിച്ചതോടെ പോലീസ് ആകാശത്തേക്ക് വെടിവച്ചു. റെയിൽവെ ട്രാക്ക് ഉപരോധത്തെ തുടർന്ന് മൂന്ന് മണിക്കൂറോളം തീവണ്ടി ഗതാഗതം പൂർണമായും തടസപ്പെടുകയും ചെയ്തു. ബിഹാർ, രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.