ഡോക്ടറുണ്ടോയെന്ന വിവരം തിരക്കാൻ ഫോണിൽ വിളിച്ചയാളോട് നിരുത്തരവാദപരമായി പെരുമാറി; ജീവനക്കാരിയെ പിരിച്ചുവിട്ടു

കോഴിക്കോട്: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ താത്ക്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ടു. ആശുപത്രിയിലേക്ക് വിവരം തിരക്കാൻ ഫോണിൽ വിളിച്ചയാളോട് നിരുത്തരവാദപരമായി പെരുമാറിയെന്ന് കാണിച്ചാണ് നടപടി. ആരോഗ്യ മന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് ആശുപത്രി വികസന സമിതി യോഗം ചേർന്ന് ജീവനക്കാരിയെ പുറത്താക്കാൻ തീരുമാനിച്ചത്.

കഴിഞ്ഞ ദിവസം എല്ലിന്റെ ഡോക്ടറുണ്ടോ എന്ന് ചോദിച്ച് വിളച്ച സ്ത്രീയോടാണ് ജീവനക്കാരി നിരുത്തരവാദപരമായി പെരുമാറിയത്. അവധി അല്ലാത്ത ദിവസങ്ങളിൽ ഡോക്ടർ ഉണ്ടാകും എന്നായിരുന്നു ആശുപത്രി ജീവനക്കാരി നൽകിയ മറുപടി. ഏത് ദിവസം ഉണ്ടാകും എന്ന് ചോദ്യം ആവർത്തിച്ചപ്പോളും ഇതേ മറുപടി നൽകി. ഈ ഫോൺ സംഭാഷണത്തിന്റെ ശബ്ദ രേഖ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ഡിഎംഒ ആശുപത്രി സൂപ്രണ്ടിനോട് റിപ്പോർട്ട് തേടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ജീവനക്കാരിയെ പിരിച്ചുവിട്ടതെന്ന് അധികൃതർ വ്യക്തമാക്കി.

അതേസമയം, ഡോക്ടറെ അന്വേഷിച്ച് വിളിച്ച സ്ത്രീ അതിന് മുമ്പ് രണ്ട് തവണ ഇതേ കാര്യം ചോദിച്ച് വിളിച്ചിരുന്നെന്നും ആ സമയത്ത് കൃത്യമായി മറുപടി നൽകിയിരുന്നെന്നുമാണ് ജീവനക്കാരി നൽകുന്ന വിശദീകരണം. വീണ്ടും വിളിച്ചപ്പോളാണ് ഇത്തരത്തിൽ പ്രതികരിക്കേണ്ടി വന്നതെന്നും ജീവനക്കാരി വ്യക്തമാക്കി.