മധു വധക്കേസ്: സര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നെന്ന് മധുവിന്റെ സഹോദരി

കൊച്ചി: അട്ടപ്പാടിയിലെ മധുവധക്കേസില്‍ സര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായി മധുവിന്റെ സഹോദരി സരസു പറഞ്ഞു. പ്രോസിക്യൂട്ടറെ വിശ്വാസമില്ലാത്തതിനാലാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും പണം നല്‍കി സാക്ഷികളെ കൂറുമാറ്റുകയാണെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം, മധുവിന്റെ അമ്മ മല്ലി നല്‍കിയ ഹര്‍ജിയില്‍ വിചാരണ നടപടികള്‍ ഹൈക്കോടതി തടഞ്ഞിരുന്നു. പ്രോസിക്യൂട്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയ്ക്ക് നല്‍കിയ കത്തില്‍ തീര്‍പ്പുണ്ടാകുന്നത് വരെ വിചാരണ നിര്‍ത്തി വെക്കണമെന്നായിരുന്നു അമ്മ ആവശ്യപ്പെട്ടത്. കഴിഞ്ഞ ജൂണ്‍ 8 നായിരുന്നു മണ്ണാര്‍ക്കാട് എസ്‌സി എസ്ടി പ്രത്യേക കോടതിയില്‍ കേസിന്റെ വിചാരണ തുടങ്ങിയത്. വിചാരണയില്‍ രണ്ട് സാക്ഷികള്‍ കൂറുമാറിയത് പ്രോസിക്യൂട്ടറുടെ വീഴ്ച കാരണം ആണെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.

വിചാരണയക്കം എല്ലാ നടപടികളും സ്റ്റേ ചെയ്ത കോടതി പത്ത് ദിവസത്തിനകം സര്‍ക്കാരിനോട് വിശദീകരണം നല്‍കാന്‍ നിര്‍ദ്ദേശിച്ചു.