ഹൈദരാബാദ്: അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നു. തുടർച്ചയായ മൂന്നാം ദിവസവും പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷന്റെ ഒന്ന് മുതൽ 10 വരെയുള്ള പ്ലാറ്റ്‌ഫോം പ്രതിഷേധക്കാർ ആക്രമിച്ചു. ട്രാക്ക് ഉപരോധിച്ച പ്രതിഷേധക്കാർ വലിയ നാശനഷ്ടങ്ങൾ ഇവിടെ ഉണ്ടാക്കിയതായാണ് വിവരം. സെക്കന്തരാബാദിൽ ഒരാൾ മരിച്ചുവെന്നും 15 പേർക്ക് പരിക്കേറ്റുവെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
350 ലേറെവരുന്ന പ്രതിഷേധക്കാരാണ് വെള്ളിയാഴ്ച സെക്കന്തരാബാദ് റെയിൽവെ സ്റ്റേഷനിലെത്തിയത്. ആ സമയത്ത് പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ ആവശ്യമായ സുരക്ഷാ ഉദ്യോഗസ്ഥർ സ്റ്റേഷനിൽ ഉണ്ടായിരുന്നില്ല. അതേസമയം, സംഘർഷ സാധ്യത കണക്കിലെടുത്ത് ഹൈദരാബാദ് നഗരത്തിൽ സുരക്ഷ വർദ്ധിപ്പിച്ചു. റെയിൽവെ സ്റ്റേഷനിൽ പ്രക്ഷോഭകർ അക്രമത്തിനും തീവെപ്പിനും ശ്രമിച്ചതോടെ പോലീസ് ആകാശത്തേക്ക് വെടിവച്ചു. റെയിൽവെ ട്രാക്ക് ഉപരോധത്തെ തുടർന്ന് മൂന്ന് മണിക്കൂറോളം തീവണ്ടി ഗതാഗതം പൂർണമായും തടസപ്പെടുകയും ചെയ്തു.
പ്രതിഷേധവും സംഘർഷ സാധ്യതയും കണക്കിലെടുത്ത് 35 ട്രെയിനുകൾ പൂർണമായും 13 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. ബിഹാർ, ജാർഖണ്ഡ്, യുപി സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന ഈസ്റ്റ് സെൻട്രൽ റെയിൽവേയാണ് പ്രതിഷേധം ഏറ്റവുമധികം ബാധിച്ചത്. ഇതുവരെ എത്ര രൂപയുടെ നാശനഷ്ടമുണ്ടായെന്ന് കണക്കാക്കാൻ സാധിച്ചിട്ടില്ലെന്നാണ് റെയിൽവേ അധികൃതർ വ്യക്തമാക്കുന്നത്.

