സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ജീവനക്കാരുടെ കാത്തിരിപ്പിന് വിരാമമിട്ട് ശമ്പള വിതരണം ഇന്ന് ആരംഭിക്കും. ആദ്യഘട്ടത്തില്‍ ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കുമാണ് ശമ്പളം നല്‍കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി ആന്റണി രാജു മാനേജ്മെന്റിന് നിര്‍ദ്ദേശം നല്കി. സര്‍ക്കാരിനോട് 35 കോടി രൂപയാണ് മാനേജ്മെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് ഭരണാനുകൂല സംഘടനകളടക്കം പ്രക്ഷോഭത്തിനൊരുങ്ങിയതോടെ സമരങ്ങളോടുള്ള മുന്‍നിലപാട് ഗതാഗതമന്ത്രി മയപ്പെടുത്തിയിരുന്നു.
‘ന്യായമായ കാര്യത്തിന് സമരം ചെയ്യുന്ന തൊഴിലാളി സംഘടനകളെ കുറ്റപ്പെടുത്താനാവില്ല. വരുമാനത്തെ ബാധിക്കാതെയും പണിമുടക്ക് നടത്താതെയും സമരം ചെയ്യുമെന്ന നിലപാട് സ്വാഗതാര്‍ഹമാണ്. ഇതിന് സര്‍ക്കാര്‍ എതിരല്ല. ഇത്തരം സമരങ്ങളുമായി വരുന്നതിനെ ആര്‍ക്കും തടയാനുമാകില്ല. ഇടതുസര്‍ക്കാര്‍ ഭരിക്കുമ്പോള്‍ പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്താനുള്ള സമരങ്ങള്‍ അനിവാര്യവുമാണ്. സംഘടനകളുടെ സമീപനം ഇപ്പോള്‍ കുറേക്കൂടി പോസിറ്റീവാണ്. അതിനെ സ്വാഗതം ചെയ്യുന്നു’- മന്ത്രി പ്രതികരിച്ചു.

