ന്യൂഡൽഹി: കോൺഗസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് കോവിഡാനന്തര ചികിത്സ തുടരുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് ജയ്‌റാം രമേശാണ് ഇക്കാര്യം വ്യക്തമാക്കിയത്. സോണിയ ഗാന്ധിയുടെ ആരോഗ്യനില ഡോക്ടർമാർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം അറിയിച്ചു.
മൂക്കിൽ നിന്നുള്ള രക്തസ്രാവം തടയാനായി ഇന്നലെയും സോണിയക്ക് പ്രത്യേക ചികിത്സ നടത്തി. പലതരം ആരോഗ്യപ്രശ്‌നങ്ങൾ സോണിയ ഗാന്ധി നേരിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിലാണ് സോണിയാ ഗാന്ധി ചികിത്സയിലുള്ളത്. കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ഞായറാഴ്ചയാണ് സോണിയ ഗാന്ധിയെ ആശുപത്രിയിലെത്തിച്ചത്.
സോണിയക്ക് ശ്വാസകോശത്തിൽ അണുബാധയുള്ളതായിട്ടായിരുന്നു ഡോക്ടർമാരുടെ കണ്ടെത്തൽ. തുടർന്ന് സോണിയ ഗാന്ധിയെ പ്രത്യേക നിരീക്ഷണത്തിലാക്കി. അതേസമയം, സോണിയക്കൊപ്പം കോവിഡ് ബാധിച്ച പ്രിയങ്ക ഗാന്ധിയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

