സ്വപ്‌നയുടെ ആരോപണങ്ങളുടെ നിജസ്ഥിതിയാണ് തങ്ങൾക്ക് അറിയേണ്ടത്; പി കെ കുഞ്ഞാലിക്കുട്ടി

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ ആരോപണങ്ങളിൽ പ്രതികരണവുമായി മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. സ്വപ്‌നയുടെ ആരോപണങ്ങളുടെ നിജസ്ഥിതിയാണ് തങ്ങൾക്ക് അറിയേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം നടത്തുന്ന പ്രക്ഷോഭങ്ങളിൽ മുസ്ലീം ലീഗ് സജീവമല്ലെന്ന ആരോപണത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

സ്വപ്നയുടെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയല്ല തങ്ങൾ. എന്നാൽ അതിന്റെ നിജസ്ഥിതി അറിയാനുള്ള അവകാശം സംസ്ഥാനത്തെ ജനങ്ങൾക്കുണ്ട്. കഴിഞ്ഞ കാലങ്ങളിൽ ഇടതുപക്ഷം പോയതുപോലെ വെളിപ്പെടുത്തലുകളുടെ പിന്നാലെ പ്രതിപക്ഷം പോയിട്ടില്ല. നീതിപൂർവവും നിഷ്പക്ഷമായ അന്വേഷണമാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സ്വപ്നയുടെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ പോകാനില്ലെന്ന് സതീശൻ മാദ്ധ്യമങ്ങളെ അറിയിച്ചിരുന്നു.