അബുദാബി: ഇന്ത്യയിൽ നിന്നും എത്തിക്കുന്ന ഗോതമ്പിന്റെ കയറ്റുമതി വിലക്കി യുഎഇ. നാലു മാസത്തേക്കാണ് വിലക്ക്. യുഎഇ ധനകാര്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഫ്രീ സോണുകളിൽ ഉൾപ്പെടെ നിയന്ത്രണം ബാധകമാണെന്നും ഇന്ത്യയിൽ നിന്നുള്ള എല്ലാത്തരം ഗോതമ്പ് ഉത്പന്നങ്ങൾക്കും വിലക്ക് ബാധകമാണെന്നും അധികൃതർ വ്യക്തമാക്കി.
എന്നാൽ, മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഗോതമ്പ് പ്രത്യേക അനുമതി വാങ്ങി കയറ്റുമതി ചെയ്യാൻ അനുമതിയുണ്ട്. ഗോതമ്പ് ലഭ്യതയിൽ കുറവുണ്ടാവാൻ കാരണമായ അന്താരാഷ്ട്ര സാഹചര്യങ്ങൾ പരിഗണിച്ചാണ് ഇത്തരമൊരു നടപടി. ഇന്ത്യയുമായി യുഎഇക്ക് ഉള്ള ശക്തവും തന്ത്രപ്രധാനവുമായി വാണിജ്യ ബന്ധം കണക്കിലെടുത്ത് കൂടിയാണ് പുതിയ തീരുമാനമെന്ന് യുഎഇ വ്യക്തമാക്കി. മെയ് 13ന് മുമ്പ് ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് ഇറക്കുമതി ചെയ്തിട്ടുള്ള ഗോതമ്പോ ഗോതമ്പ് ഉത്പന്നങ്ങളോ രാജ്യത്തു നിന്ന് പുറത്തേക്ക് കയറ്റുമതി ചെയ്ണമെങ്കിൽ അതത് സ്ഥാപനങ്ങൾ മന്ത്രാലയത്തിന് പ്രത്യേക അപേക്ഷ നൽകി അനുമതി വാങ്ങേണ്ടതുണ്ട്. ഉത്പന്നങ്ങൾ കൊണ്ടുവന്ന തീയ്യതികൾ ഉൾപ്പെടെ തെളിയിക്കുന്ന രേഖകൾ ഇതിനായി ഹാജരാക്കണമെന്നാണ് നിർദ്ദേശം.
ഇന്ത്യയിൽ നിന്ന് കൊണ്ടുവന്നതല്ലാത്ത ഗോതമ്പോ ഗോതമ്പ് ഉത്പന്നങ്ങളോ കയറ്റുമതി ചെയ്യാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിൽ പ്രത്യേക അപേക്ഷ നൽകി കയറ്റുമതിക്കുള്ള അനുമതി വാങ്ങാം. ഈ ഉത്പന്നങ്ങൾ എവിടെ നിന്നാണ് കൊണ്ടുവന്നതെന്നതിന്റെ രേഖകളും അവ എത്തിച്ചതിന്റെ വിശദാംശങ്ങളും ഹാജരാക്കണം. ഇത്തരത്തിൽ കമ്പനികൾക്ക് ലഭിക്കുന്ന കയറ്റുമതി പെർമിറ്റിന് 30 ദിവസമായിരിക്കും കാലാവധി. വാണിജ്യ മന്ത്രാലയം ആസ്ഥാനത്ത് നേരിട്ടെത്തിയോ antidumping@economy.ae എന്ന വിലാസത്തിൽ ഇ-മെയിലിലൂടെയോ അപേക്ഷ സമർപ്പിക്കാം.

