സ്വപ്‌ന സുരേഷ് നടത്തുന്ന ഗൂഢാലോചനയില്‍ തന്നെയും ഭാഗമാക്കാന്‍ ശ്രമിക്കുന്നെന്ന് ഷാജ് കിരണ്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ സ്വപ്ന സുരേഷ് നടത്തുന്ന ഗൂഢാലോചനയില്‍ തന്നേയും ഭാഗമാക്കാന്‍ ശ്രമം നടത്തുന്നതായി മുന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഷാജ് കിരണ്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ആരോപിച്ചു. ഷാജ് കിരണിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ ഇബ്രാഹിമും പരാതി നല്‍കിയിട്ടുണ്ട്.

അതേസമയം, മുഖ്യമന്ത്രിയുടെ ദൂതനാണെന്ന വെളിപ്പെടുത്തലിനെതിരെ പ്രതികരിച്ച ഷാജ് കിരണ്‍ ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും വ്യക്തമാക്കി. സൗഹൃദപരമായി സംസാരിച്ച കാര്യങ്ങളാണ് സ്വപ്ന സുരേഷ് പുറത്തുവിട്ടത്. സ്വപ്ന സുരേഷിന്റെ മൊബൈലും ശബ്ദശകലവും പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍, മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ഷാജ് കിരണ്‍ എന്നയാള്‍ തന്നെ സന്ദര്‍ശിച്ച് രഹസ്യമൊഴി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും രഹസ്യമൊഴിയില്‍ പറഞ്ഞത് കള്ളമാണെന്ന് പരസ്യമായി പറഞ്ഞില്ലെങ്കില്‍ ജയിലില്‍ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് സ്വപ്‌ന പറഞ്ഞത്. മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും ആരോപണ വിധേയരായ മറ്റുള്ളവരും യുഎഇ കോണ്‍സുലേറ്റുമായി ചേര്‍ന്ന് ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും സ്വപ്ന ആരോപിച്ചിരുന്നു.