കോട്ടയം: പി സി ജോർജിന് പരോക്ഷ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എന്തും വിളിച്ചു പറയാൻ സാധിക്കുന്ന ഒരു നിലയല്ല നമ്മുടെ നാട്ടിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെജിഒഎ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി സി ജോർജിന് പരോക്ഷ മുന്നറിയിപ്പ് നൽകുന്നതായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. ലൈസൻസില്ലാത്ത നാക്കുകൊണ്ട് എന്തും പറയാമെന്ന നിലയെടുത്താൽ അതിന്റെ ഫലം എന്തായിരിക്കുമെന്ന് ഈ അടുത്ത നാളിൽ നാം കണ്ടുവെന്നും അദ്ദേഹം പറഞ്ഞു.
വിരട്ടാനൊക്കെ നോക്കി, അതങ്ങ് വെറെ വെച്ചാൽ മതി, അതൊന്നും ഇവിടെ ചെലവാകില്ല. ഈ നാടിന് ഒരു സംസ്കാരമുണ്ട്. ഒരു പൊതുവായ രീതിയുണ്ട്. അത് മാറ്റി വലിയ തോതിൽ ഭിന്നത വളർത്തിക്കളയാമെന്ന് ആരെങ്കിലും വിചാരിച്ചാൽ, അവരുടെ പിന്നിൽ ഏത് കൊലകൊമ്പൻ അണിനിരന്നാലും ശക്തമായ നടപടിയെടുത്ത് മുന്നോട്ട് പോകും. ജനം അതാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പിപ്പിടി കാണിച്ചാലൊന്നും ഇങ്ങോട്ട് ഏശില്ല. ഏത് കൊലകൊമ്പൻ അണിനിരന്നാലും. വിരട്ടൽ ഇങ്ങോട്ട് വേണ്ട. നുണയുടെ മലവെള്ളപ്പാച്ചിലാണ് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പാണ്ടായത്. അതെല്ലാം തള്ളിക്കളഞ്ഞുകൊണ്ടാണ് ജനം തങ്ങളെ അധികാരത്തിലേറ്റിയത്. ഏത് തരത്തിലുള്ള പിപ്പിടി കാണിച്ചാലും അതൊന്നും ഇങ്ങോട്ട് ഏശില്ലെന്നും ഇതെല്ലാം പറഞ്ഞത്കൊണ്ട് അങ്ങനെ ഇളക്കിക്കിളയാൻ സാധിക്കുമെന്നാണ് കരുതുന്നത്. അതിനൊക്കെ വേറെ ആളെ നോക്കണം. ഞങ്ങൾക്ക് ജനങ്ങളെ പൂർണ്ണവിശ്വാസമുണ്ട്. ജനങ്ങൾക്ക് കാര്യങ്ങൾ തിരിച്ചറിയാൻ സാധിക്കും. കൂടുതൽ കാര്യങ്ങൾ കെ.ജി.ഒ.എ. വേദിയിൽ പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആർഎസ്എസിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. രാജ്യത്തെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഹിറ്റ്ലറേയാണ് ആർഎസ്എസും ബിജെപിയും മാതൃകയാക്കുന്നത്. അതവർ പച്ചയായി തുറന്ന് പറഞ്ഞിട്ടുമുണ്ട്. ഈ രാജ്യത്തെ പൗരത്വത്തിന്റെ അടിസ്ഥാനം. അത് മാറ്റിയെടുക്കുകയാണ്. വർഗീയതയെ പ്രീണിപ്പിച്ചുകൊണ്ട് മതനിരപേക്ഷതയെ സംരക്ഷിക്കാനാകില്ല. താത്കാലിക ലാഭത്തിന് വേണ്ടി വർഗീയ ശക്തികളുമായി കൂടാമെന്ന് വിചാരിച്ചാൽ അത് നാടിനും രാജ്യത്തിനും ആപത്ത് മാത്രമാണ് ഉണ്ടാക്കുക. മതനിരപേക്ഷമാണെന്ന് അവകാശപ്പെടുന്ന ശക്തികൾക്ക് അധികാരമുണ്ടായിരുന്ന സ്ഥലങ്ങൾ ഇന്ന് ഇങ്ങനെ വർഗീയതയുടെ വിളനിലമായി മാറിയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

