കൊച്ചി: കൊച്ചി മെട്രോയുടെ പേട്ട- എസ്.എന്‍. ജംഗ്ഷന്‍ വരെയുള്ള പുതിയ പാത ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നത് സംബന്ധിച്ച സുരക്ഷാ പരിശോധന ഇന്നും തുടരും. വടക്കേകോട്ട, എസ്.എന്‍. ജംഗ്ഷന്‍ എന്നീ സ്റ്റേഷനുകളിലെ എസ്‌കലേറ്റര്‍, സിഗ്നലിംഗ് സംവിധാനങ്ങള്‍, സ്റ്റേഷന്‍ കണ്‍ട്രോള്‍ റൂം, സ്റ്റേഷനുകളിലും പ്ലാറ്റ്ഫോമുകളില്‍ യാത്രക്കാര്‍ക്കായി ഒരുക്കിയ സൗകര്യങ്ങള്‍ തുടങ്ങിയവ പരിശോധിക്കുകയും അവ പ്രവര്‍ത്തന ക്ഷമമാണ് എന്ന് ഇതിനകം ഉറപ്പാക്കിയിട്ടുണ്ട്. ഫയര്‍ സേഫ്റ്റി ഉപകരണങ്ങള്‍, സ്റ്റേഷന്‍ കണ്‍ട്രോള്‍ റൂമിലെ സാങ്കേതിക സംവിധാനങ്ങള്‍ തുടങ്ങയവയും പരിശോധനയ്ക്ക് വിധേയമാക്കി.
അതേസമയം, അടിയന്തര ഘട്ടത്തില്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ ഉദ്യോഗസ്ഥര്‍ ഓഫീസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി ഇ ശ്രീനിവാസ്, എം.എന്‍. അതാനി, സീനിയര്‍ ടെക്നിക്കല്‍ ഇന്‍സ്പെക്ടര്‍ എന്‍.ജി. പ്രസന്ന എന്നിവരടങ്ങുന്ന സംഘത്തിനു മുന്‍പില്‍ അവതരിപ്പിച്ചു. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് നേരിട്ട് ഏറ്റെടുത്ത് നിര്‍മിക്കുന്ന ആദ്യ പാതയാണ് പേട്ട മുതല്‍ എസ്.എന്‍ ജംഗ്ഷന്‍വരെയുള്ളത്. 2019 ഒക്ടോബറിലാണ് ഈ പാത നിര്‍മാണം ആരംഭിച്ചത്. കോവിഡും തുടര്‍ന്നുള്ള ലോക്ഡൗണും ഉണ്ടായെങ്കിലും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടുതന്നെ സമയബന്ധിതമായി KMRL നിര്‍മാണം പൂര്‍ത്തിയാക്കുകയായിരുന്നു. 453 കോടിരൂപയാണ് മൊത്തം നിര്‍മാണചിലവ്. സ്റ്റേഷന്‍ നിര്‍മാണത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കലിന് 99 കോടി രൂപ ചിലവഴിച്ചു.
നഷ്ടത്തിലോടുന്ന കൊച്ചി മെട്രോയെ ലാഭത്തിലാക്കുന്നതിനായി മെട്രോ സ്റ്റേഷനുകളുടെ ബിസിനസ്സ് സാധ്യതകള്‍ ഉപയോഗപ്പെടുത്തുക എന്നതാണ് വഴി. ഷോപ്പിംഗ് മാളുകള്‍ക്ക് സമാനമായ ഈ കെട്ടിടങ്ങളെ വ്യാപാരസ്ഥാപനങ്ങളാക്കി മാറ്റാനുള്ള നീക്കങ്ങള്‍ കൊച്ചി മെട്രോ കമ്പനി ഇതിനകം ആരംഭിച്ചിട്ടുണ്ട്. 22 സ്റ്റേഷനുകളിലായി 306 വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ള സ്ഥലമാണ് ലേലത്തില്‍ നല്‍കുന്നത്. നവംബര്‍ മാസത്തില്‍ തുടങ്ങിയ ലേലം നടപടികള്‍ അവസാന ഘട്ടത്തിലാണ്. ചായക്കട മുതല്‍ ബ്യൂട്ടി പാര്‍ലര്‍ വരെ ഇവിടെ നിലവിലുണ്ട്.

