നബി വിരുദ്ധ പരാമര്‍ശം; റാഞ്ചിയില്‍ സംഘര്‍ഷത്തിലും വെടിവെപ്പിലും രണ്ട് മരണം

റാഞ്ചി: ബി.ജെ.പി. നേതാക്കള്‍ നടത്തിയ നബി വിരുദ്ധ പരാമര്‍ശങ്ങളില്‍ ഝാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ പോലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തിലും വെടിവെയ്പ്പിലുമായി രണ്ട് പേര്‍ മരിക്കുകയും പത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പത്ത് പേര്‍ നിലവില്‍ ചികിത്സയിലാണ്.

ഡല്‍ഹി, ഉത്തര്‍പ്രദേശ്, ജമ്മുകശ്മീര്‍, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ സംഘര്‍ഷം ഉണ്ടായി. റാഞ്ചിയില്‍ പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ക്ക് കത്തിക്കുകയും കല്ലേറ് നടത്തുകയും ചെയ്തു. ഇതിനിടെയാണ് വെടിവെപ്പുണ്ടായത്. പ്രതിഷേധക്കാര്‍ തിരിച്ചും വെടിവെച്ചതായാണ് പോലീസിന്റെ വാദം. ബിജെപി പുറത്താക്കിയ മുന്‍ വക്താവ് നൂപുര്‍ ശര്‍മയുടെ പ്രസ്താവനക്കെതിരെ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കു ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന റാലിയിലും പ്രതിഷേധപ്രകടനങ്ങളിലും പലയിടത്തും പോലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടിയിരുന്നു.

ഇതേത്തുടര്‍ന്ന് റാഞ്ചിയുടെ വിവിധ ഭാഗങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. വിവാദ പരാമര്‍ശം നടത്തിയ നുപൂര്‍ ശര്‍മയെ അറസ്റ്റ് ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കല്ലെറിഞ്ഞ പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ പോലീസ് ആകാശത്തേക്ക് വെടിവെക്കുന്നതിന്റേയും ലാത്തിചാര്‍ജ് നടത്തുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സ്ഥലത്ത് കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.