കോട്ടയം: മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ച പശ്ചാത്തലത്തില്‍ കോട്ടയത്ത് കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷന് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന് എത്തിയതോടെ പ്രദേശത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ ഒരു മണിക്കൂര്‍ മുന്‍പ് ഹാളില്‍ കയറണമെന്നും മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് പാസ് വേണമെന്നും നേരത്തേ പറഞ്ഞിരുന്നു.
അതേസമയം, കറുത്ത മാസ്ക് മാറ്റാന്‍ ജനങ്ങളോട് പോലീസ് ആവശ്യപ്പെട്ടുവെന്ന ആരോപണം ഉയരുന്നുണ്ട്. നഗരത്തില്‍ മാമോദീസ ചടങ്ങ് കഴിഞ്ഞ് സ്വന്തം വീട്ടിലേക്ക് പോയ കുടുംബത്തെ പൊലീസ് തടഞ്ഞു. ഒരുമണിക്കൂര്‍ കഴിഞ്ഞ് പോയാല്‍ മതിയെന്ന് പൊലീസ് പറഞ്ഞതായി കുടുംബം അറിയിച്ചു. കരിങ്കൊടി കാട്ടിയ രണ്ട് ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാവിലെ 8.30ന് തന്നെ നഗരത്തോട് ചേര്‍ന്ന് ക്രമീകരണങ്ങള്‍ തുടങ്ങയതോടെ നഗരത്തിലെ ഓഫീസുകളിലേക്കും സ്കൂളുകളിലേക്കും പോകാന്‍ പുറപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രയാസമുണ്ടായി.
നമ്മുടെ രാജ്യം ഇന്ന് കടുത്ത പ്രയാസങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും ജനങ്ങളുടെ ഐക്യമാണ് രാജ്യത്ത് പ്രധാനമെന്നും പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ‘മതനിരപേക്ഷരത രാജ്യത്തിലെ ജനങ്ങളുടെ ഐക്യം കാത്തുസൂക്ഷിക്കുന്നതിന് പരമപ്രധാനമാണ്. ഇവിടെ ഏതൊരു മതത്തില്‍ വിശ്വസിക്കുന്നയാള്ക്കും ഒരു മതത്തിലും വിശ്വസിക്കാതെ ഇരിക്കുന്നയാള്‍ക്കും ഏതൊരു കാര്യവും അവകാശപരമായി ഉറപ്പ് വരുത്തുകയാണ്. ഒരു തരത്തിലുള്ള വിവേചനവുമില്ല. ഏതെങ്കിലും ഒരു കൂട്ടര്‍ക്കും പ്രത്യേകമായി പരിഗണനയുമില്ല. ഏത് മതത്തിലും വിശ്വസിക്കാന്‍ നമ്മുടെ ഭരണഘടന ഉറപ്പ് നല്കുന്നു. ഇക്കാര്യത്തില്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നവര്‍ പണ്ട് മുതലേ ഉണ്ട്. സ്വാതന്ത്ര്യസമരം കരുത്താര്‍ജിക്കുന്ന സമയത്ത് ബ്രിട്ടീഷ് വൈസ്രോയിയെ കണ്ട് നമ്മള് രണ്ട് കൂട്ടരുടെയും താത്പര്യം ഒന്നാണ്, നിങ്ങളിവിടെ തുടര്‍ന്ന് ഉണ്ടാകണം എന്ന് പറഞ്ഞ പ്രത്യേക വിഭാഗം ഇവിടെയുണ്ടായിരുന്നു.’ – മുഖ്യമന്ത്രി വ്യക്തമാക്കി.

