ഷാജ് കിരണിനെ അറിയില്ല; താൻ ആരെയും വിളിച്ചിട്ടില്ലെന്ന് എഡിജിപി വിജയ് സാഖറെ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്‌നാ സുരേഷിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി എഡിജിപി വിജയ് സാഖറെ. ഷാജ് കിരണിനെ തനിക്ക് അറിയില്ലെന്നും താൻ ആരെയും വിളിച്ചിട്ടില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

സ്വർണ്ണക്കടത്ത് കേസുമായി ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ല. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. സ്വപ്നയ്ക്ക് എന്തുവേണമെങ്കിലും പറയാം. എന്തുകൊണ്ട് ഇങ്ങനെ പറഞ്ഞു എന്ന് സ്വപ്നയോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.

ഷാജ് കിരണിന്റെ ഫോണിൽ എഡിജിപി നിരന്തരം വിളിച്ചിരുന്നുവെന്നായിരുന്നു സ്വപ്‌ന പറഞ്ഞിരുന്നത്. ഡിജിപി എം ആർ അജിത് കുമാറും എഡിജിപി ലോ ആൻഡ് ഓർഡറും ചേർന്ന് 56 പ്രാവശ്യമാണ് തന്നെ വാട്സാപ്പിൽ വിളിച്ചതെന്ന് ഷാജ് കിരൺ പറഞ്ഞതായിട്ടായിരുന്നു സ്വപ്‌നയുടെ വെളിപ്പെടുത്തൽ.

മാനസികമായി തളർത്തി കേസ് ഒത്തുതീർപ്പാക്കാൻ അടുത്ത സുഹൃത്ത് ഷാജ് കിരൺ ശ്രമിച്ചതായും സ്വപ്ന ആരോപണം ഉന്നയിച്ചിരുന്നു. ഷാജ് കിരൺ അടുത്ത സുഹൃത്താണ്. താൻ വിളിച്ചിട്ട് തന്നെയാണ് ഷാജ് കിരൺ പാലക്കാട് വന്നത്. സരിത്തിനെ നാളെ പൊക്കുമെന്ന് ഷാജ് തലേ ദിവസം പറഞ്ഞിരുന്നു. പറഞ്ഞതു പോലെ തന്നെ സരിത്തിനെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി. വിജിലൻസാണ് സരിത്തിനെ കൊണ്ടുപോയതെന്നു പറഞ്ഞത് ഷാജ് ആണ്. മുഖ്യമന്ത്രിയുടെ നാവായി പ്രവർത്തിക്കുന്ന നികേഷ് കുമാർ എന്നയാൾ വന്ന് കാര്യം സംസാരിക്കുമെന്നും ഷാജ് പറഞ്ഞതായി സ്വപ്‌ന വെളിപ്പെടുത്തിയിരുന്നു.