സ്വപ്‌നയുടെയും സരിത്തിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി തള്ളി

കൊച്ചി: സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ തള്ളി ഹൈക്കോടതി. കെ.ടി ജലീലിന്റെ പരാതിയിന്മേലുള്ള കേസിലാണ് ഇവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുപ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും സരിത്ത് പ്രതിയല്ല എന്ന സര്‍ക്കാര്‍ വാദവും അംഗീകരിച്ചാണ് കോടതി ജാമ്യഹര്‍ജികള്‍ തള്ളിയത്.

അതേസമയം, സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെതിരെ കെ.ടി ജലീല്‍ നല്‍കിയ പരാതി യില്‍ സ്വപ്നയേയും പി.സി ജോര്‍ജിനെയും പ്രതിചേര്‍ത്ത് കന്റോണ്‍മെന്റ് പോലീസ് കേസെടുത്തിരുന്നു. സ്വപ്ന തനിക്കെതിരെ ഗൂഢാലോചനയും അപകീര്‍ത്തികരമായ പരാമര്‍ശങ്ങളും വ്യാജ പ്രചരണവും നടത്തിയെന്നാണ് ജലീലിന്റെ പരാതി. ഐ.പി.സി 153 (കലാപത്തിനുള്ള ആഹ്വാനം), 120-ബി (ഗൂഢാലോചന) വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേത്യത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

സ്വര്‍ണക്കടത്ത് കേസില്‍ അന്തിമ കുറ്റപത്രം ഇ.ഡി നല്‍കാനിരിക്കെയാണ് സ്വപ്ന സുരേഷ് മുഖ്യമന്ത്രിയ്ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. 2016ല്‍ വിദേശ സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി നയതന്ത്ര ചാനല്‍ വഴി കറന്‍സി കടത്തിയെന്നും സ്‌കാനിംഗില്‍ ബാഗില്‍ കറന്‍സിയാണെന്ന് തെളിഞ്ഞിരുന്നതായാണ് സ്വപ്ന ആരോപിച്ചത്. ക്‌ളിഫ്ഹൗസിലേക്ക് ബിരിയാണി ചെമ്ബില്‍ ഭാരമുളള ലോഹം കടത്തിയെന്നും സ്വപ്ന വ്യക്തമാക്കിയിരുന്നു.