കോഴിക്കോട്: സംസ്ഥാന സർക്കാരിനെതിരെ വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് നടപടി. കോഴിക്കോടും കൊല്ലത്തും നടന്ന പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങി. കൊച്ചിയിലും കോട്ടയത്തും യുവജനസംഘടനകൾ ശക്തമായ പ്രതിഷേധം നടത്തി.
കോഴിക്കോട് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷത്തിൽ ദേശീയ പാതയിലെ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. പ്രവർത്തകർ പോലീസ് ബാരിക്കേഡുകൾ ദേശീയ പാതയിൽ വെച്ച് റോഡ് തടസപ്പെടുത്തുകയും വാഹനങ്ങൾ തടയുകയുമായിരുന്നു. തുടർന്ന് പോലീസ് പ്രതിഷേധക്കാർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. അതേസമയം സെക്രട്ടറിയേറ്റിന് മുന്നിലും ശക്തമായ പ്രതിഷേധം അരങ്ങേറി.
സെക്രട്ടറിയേറ്റിന് മുന്നിൽ മഹിളാ കോൺഗ്രസ് പ്രവർത്തകർ ബിരിയാണി ചലഞ്ച് നടത്തി പ്രതിഷേധിച്ചു. അതേസമയം, കൊല്ലം കളക്ട്രേറ്റിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തി മാർച്ചിൽ സംഘർഷം ഉണ്ടായി. തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

