അഴിമതിയുടെ ബിരിയാണി ചെമ്പ് തുറന്നതോടെ അധികാര ദുർവിനിയോഗത്തിന്റെ ദുർഗന്ധം പുറത്ത് വരികയാണ്; വിമർശനവുമായി കെ സുധാകരൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി സംസ്ഥാന അദ്ധ്യക്ഷൻ കെ സുധാകരൻ. അഴിമതിയുടെ ബിരിയാണി ചെമ്പ് തുറന്നതോടെ അധികാര ദുർവിനിയോഗത്തിന്റെ ദുർഗന്ധം പുറത്ത് വരികയാണെന്ന് അദ്ദേഹം പറഞ്ഞു. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പങ്ക് സ്വപ്ന വെളിപ്പെടുത്തിയശേഷം മണിക്കൂറുകൾക്കകം മറ്റൊരു പ്രതി സരിത്തിനെതിരായ വിജിലൻസ് നടപടിയിൽ ദുരൂഹതയുണ്ട്. സർക്കാരും മുഖ്യമന്ത്രിയും എന്തെല്ലാമോ മറയ്ക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണിതെന്ന് സംശയിച്ചാൽ കുറ്റം പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിക്കെതിരായി ഗുരുതര വെളിപ്പെടുത്തൽ നടത്തിയവരെ ഭീക്ഷണിപ്പെടുത്തി നിശബ്ദരാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അധികാര ദുർവിനിയോഗം അവസാനിപ്പിച്ച് തന്റേടത്തോടെ നിയമത്തെ നേരിടാനുള്ള ആർജ്ജവമാണ് മുഖ്യമന്ത്രി കാട്ടേണ്ടത്. മടിയിൽ കനമില്ലെങ്കിൽ മുഖ്യമന്ത്രി എന്തിനാണ് ഭയക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. സ്വർണ്ണക്കടത്തിന് കൂട്ടുനിൽക്കുകയും ആ കേസ് അട്ടിമറിക്കാൻ നിരന്തരം ശ്രമിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനമാണ്. സ്വപ്നയുടെ വെളിപ്പെടുത്തലിലൂടെ സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ വികൃത മുഖംപുറത്ത് വന്നിട്ടും അതിനെ ന്യായീകരിക്കുന്ന സിപിഎമ്മിന്റെയും ഇടതു നേതാക്കളുടെയും തൊലിക്കട്ടി അപാരം തന്നെയാണ്. മുഖ്യമന്ത്രിയും സിപിഎമ്മും ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കുകയാണെന്നും കെ സുധാകരൻ പറഞ്ഞു.

പുതിയ വെളിപ്പെടുത്തലോടെ ജനത്തിന് കാര്യങ്ങൾ ഏറെക്കുറെ ബോധ്യമായിട്ടുണ്ട്. പുതിയ ആരോപണങ്ങളെ വെറും രാഷ്ട്രീയ ഗൂഢാലോചന എന്ന് പറഞ്ഞ് നിസ്സാരവത്കരിക്കാൻ സിപിഎം ശ്രമിക്കണ്ട്. അത് വിലപ്പോകില്ല. ഈ കേസിലെ പുതിയ വെളിപ്പെടുത്തലിലും ഗൂഢാലോചന സംബന്ധിച്ച ആരോപണത്തിലും സമഗ്രമായ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഇതുമായി ബന്ധപ്പെട്ട എല്ലാ സത്യാവസ്ഥകളും പുറത്തുവരേണ്ടത്ത് കേരളത്തിന്റെ അഭിമാന പ്രശ്‌നം കൂടിയായി മാറി.സുതാര്യമായ അന്വേഷണം സാധ്യമാകണമെങ്കിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണം. ഇന്നത്തെ മുഖ്യമന്ത്രി സോളാർ കേസിലെ പ്രതികളുടെ മൊഴികളുടെ പേരിൽ ആത്മരോഷം പൂണ്ട് യുഡിഎഫിനെയും അന്നത്തെ മുഖ്യമന്ത്രിയേയും വേട്ടയാടിയ സിപിഎം സെക്രട്ടറിയായിരുന്നുയെന്നത് ചരിത്രത്തിന്റെ വികൃതിയാണ്. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ 2015 ൽ ഫേസ്ബുക്കിൽ കോറിയിട്ട വാക്കുകൾ കടമെടുത്ത് തന്നെ പറയുകയാണ് ‘ ആരോപണ വിധേയർ അധികാരത്തിൽ ഇരിക്കുമ്പോൾ നീതിപൂർവ്വമായ അന്വേഷണം സാധ്യമല്ലെന്നും സുധാകരൻ അറിയിച്ചു.

ധാർഷ്ട്യത്തോടെ അധികാരക്കസേരയിൽ അടയിരിക്കാനാണ് മുഖ്യമന്ത്രി തയ്യാറാവുന്നതെങ്കിൽ കേരളം ഇന്നെവരെ കാണാത്ത പ്രതിഷേധക്കൊടുങ്കാറ്റിന് കോൺഗ്രസ് നേതൃത്വം നൽകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ കരിദിനമായി ആചരിച്ചു. തൃക്കാക്കരയിൽ ഇടത് മന്ത്രിസഭക്കേറ്റ ആദ്യത്തെ ഷോക്ക് ട്രീറ്റ്മെന്റ് ആയിരുന്നെങ്കിൽ സ്വർണ്ണക്കടത്ത് കേസ്സ് പിണറായി സർക്കാരിന്റെ അടിത്തറയിളക്കുന്ന മരണവാറണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.