തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിൽ പ്രതികരണവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സത്യം മൂടിവയ്ക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിൽ സത്യമറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരെ ആരോപണം വന്നപ്പോൾ രാജി വക്കണമെന്ന് പറഞ്ഞു. അത് അദ്ദേഹത്തിന്റെ ശൈലിയാണെന്നും തന്റെ ശൈലിയിലുള്ള പ്രതികരണം ഇതാണെന്നെന്നും ഉമ്മൻചാണ്ടി അറിയിച്ചു.
അതേസമയം, സ്വപ്ന സുരേഷിന്റെ ആരോപണത്തിൽ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പറഞ്ഞതിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നായിരുന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. കേരളം രൂപം കൊണ്ടതിന് ശേഷം ആദ്യമായിട്ടോ അല്ലെങ്കിൽ 2016 ഗവൺമെന്റ് വന്നതിന് ശേഷമോ അല്ല. ഇത്തരത്തിലുള്ള പ്രതികരണങ്ങൾ ഉണ്ടാകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്വർണക്കടത്തിനെക്കുറിച്ച് മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനും മറ്റ് ഉന്നതർക്കുമെതിരെ സ്വപ്ന സുരേഷ് ഗുരുതര വെളിപ്പെടുത്തലുകളാണ് നടത്തിയത്. പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ വിജയൻ, മുൻമന്ത്രി കെ.ടി ജലീൽ, എം.ശിവശങ്കർ, സി.എം രവീന്ദ്രൻ, നളിനി നെറ്റോ എന്നിവർക്കെതിരെ മൊഴി നൽകിയെന്നായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തൽ.
മുഖ്യമന്ത്രി പിണറായി വിജയൻ 2016-ൽ വിദേശസന്ദർശനത്തിനിടെ കറൻസി കടത്തിയെന്ന് സ്വപ്ന വ്യക്തമാക്കി. ഈ സമയത്ത് കറൻസിയടങ്ങിയ ഒരു ബാഗ് മറന്നതുമായി ബന്ധപ്പെട്ടാണ് ആദ്യമായി ശിവശങ്കറുമായി ബന്ധമുണ്ടാകുന്നതെന്നുും സ്വപ്ന പറഞ്ഞു. കള്ളപ്പണക്കേസിൽ രഹസ്യമൊഴി നൽകിയ ശേഷമാണ് സ്വപ്ന മാദ്ധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്.

