സ്വപ്നയുടെ വെളിപ്പെടുത്തലിൽ സത്യാവസ്ഥ പുറത്തുവരണം; പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിൽ പ്രതികരണവുമായി മുസ്ലീംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിന്റെ സത്യാവസ്ഥ പുറത്തുവരണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

യുഡിഎഫ് എടുക്കുന്ന തീരുമാനത്തിനൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങൾ വന്നു കൊണ്ടേയിരിക്കുകയാണല്ലോയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, പ്രവാചകനെ നിന്ദിച്ച സംഭവത്തിലും അദ്ദേഹം പ്രതികരണം നടത്തി. സംഭവം വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർക്ക് ആശങ്ക ഉണ്ടാക്കി. ഇന്ത്യയെ വിഭജിക്കുന്ന നടപടി ആണ്. ബിജെപി അടുത്ത തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രവർത്തിക്കുന്നുവെന്നും ബിജെപി ഈ നീക്കത്തിന് ഫുൾസ്‌റ്റോപ്പിടണമെന്നും അദ്ദേഹം വ്യക്തമാക്കി.

പരിസ്ഥിതിലോല മേഖല ഒരു കിലോമീറ്ററായി നിശ്ചയിച്ചാൽ കേരളത്തിൽ ജനങ്ങൾക്ക് ജീവിക്കാൻ ഇടമുണ്ടാകില്ല. കോടതിയെ കാര്യങ്ങൾ ധരിപ്പിക്കുന്നതിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് വീഴ്ച പറ്റിയെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.