കൊനസീമ ജില്ലയുടെ പേര് മാറ്റാൻ സർക്കാർ; മന്ത്രിയുടെ വീടിന് തീയിട്ട് പ്രതിഷേധക്കാർ

ഹൈദരാബാദ്: പുതുതായി രൂപീകരിച്ച കൊനസീമ ജില്ലയുടെ പേര് ബി ആർ അംബേദ്കർ കൊനസീമ എന്ന് പുനർനാമകരണം ചെയ്യുന്നതിൽ ആന്ധ്രാപ്രദേശിൽ പ്രതിഷേധം. അമലപുരം ടൗണിലാണ് പ്രതിഷേധം നടന്നത്. പ്രതിഷേധക്കാർ ഗതാഗത മന്ത്രി പി വിശ്വരൂപിന്റെയും എംഎൽഎ പൊന്നാട സതീശിന്റെയും വീടിന് തീയിട്ടു. മന്ത്രിയെയും കുടുംബത്തെയും പൊലീസ് സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയിട്ടുണ്ട്.

പോലീസ് വാഹനവും ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ബസും പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി. പ്രതിഷേധക്കാർ നടത്തിയ കല്ലേറിൽ നിരവധി പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചു. കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി.

ഏപ്രിൽ 4 ന് രൂപീകരിച്ച കൊനസീമ ജില്ലയുടെ പേര് ബി.ആർ.അംബേദ്കർ കൊനസീമ എന്ന് പുനർനാമകരണം ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ കഴിഞ്ഞ ആഴ്ച്ചയാണ് പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചത്. അംബേദ്കർ ജയന്തിയോട് അനുബന്ധിച്ചാണ് സംസ്ഥാന സർക്കാർ ജില്ലയുടെ പേര് മാറ്റാൻ തീരുമാനിച്ചത്. പേര് മാറ്റുന്നതിൽ എതിർപ്പുകൾ ഉണ്ടെങ്കിൽ ജനങ്ങളിൽ നിന്ന് സർക്കാർ അഭിപ്രായം ക്ഷണിക്കുകയും ചെയ്തിരുന്നു.