കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ മുഖ്യമന്ത്രിക്കും സർക്കാരിനും ഒന്നും ചെയ്യാനില്ലെന്ന് മുൻമന്ത്രി എംഎം മണി. നടിയെ ആക്രമിച്ച കേസ് നാണം കെട്ട കേസ് ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിശദമായി പരിശോധിച്ചാൽ പറയാൻ കൊള്ളാത്ത പല കാര്യങ്ങളും കേസിലുണ്ട്.
കേസ് എന്നൊക്കെ പറഞ്ഞാൽ തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി തീരുമാനിക്കേണ്ട കാര്യമാണ്. നമുക്ക് അത് സംബന്ധിച്ച് എല്ലാമൊന്നും പറയാൻ പറ്റില്ല. കേസെടുക്കാനും അന്വേഷണം നടത്താനും കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാനും കോടതിയിൽ ഹാജരാക്കാനും നിലപാടെടുത്തോ എന്നതാണ് പ്രശ്നമെന്നും ബാക്കിയൊക്കെ കോടതിയിലെ വിചാരണയും വാദകോലാഹലവുമൊക്കെയാണെന്നും അദ്ദേഹം അറിയിച്ചു.
ഈ കേസ് കുറേ നാളായിട്ട് നിലനിൽക്കുന്ന നാണംകെട്ടൊരു കേസായിട്ടാണ് തനിക്ക് തോന്നുന്നത്. നടിയെ ആക്രമിച്ച കേസിൽ സർക്കാരിന് ഒന്നും ചെയ്യാനില്ല. അത് കോടതിയുടെ പരിഗണനയിലുള്ള കേസാണ്. അതിന്റെ പിന്നിൽ വിശദമായി പരിശോധിച്ചാൽ നമുക്കൊന്നും പറയാൻ കൊള്ളാത്ത കാര്യങ്ങളെല്ലാമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

