കൊച്ചി: ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് വിദേശത്തേയ്ക്ക് കടന്ന നടൻ വിജയ് ബാബു കേരളത്തിലേക്ക് മടങ്ങുന്നു. മെയ് 30 ന് വിജയ് ബാബു കേരളത്തിലേക്ക് മടങ്ങും. ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനടിക്കറ്റിന്റെ കോപ്പി വിജയ് ബാബുവിന്റെ അഭിഭാഷകർ ഹൈക്കോടതിയിൽ സമർപ്പിച്ചു. മുൻകൂർ ഹർജി നാളെ പരിഗണിക്കണമെന്നും വിജയ് ബാബുവിന്റെ അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടു.
ജാമ്യം ലഭിക്കുന്നവരെ വിദേശത്ത് തുടരാനായിരുന്നു വിജയ് ബാബുവിന്റെ നീക്കം. എന്നാൽ ആ ശ്രമം പാളിയതോടെയാണ് വിജയ് ബാബു നാട്ടിലേക്കെത്താൻ തീരുമാനിച്ചത്. വിജയ് ബാബു ആദ്യം കോടതിയുടെ അധികാര പരിധിയിൽ വരട്ടെ, എന്നിട്ട് ജാമ്യപേക്ഷ പരിഗണിക്കാമെന്നായിരുന്നു കോടതി വ്യക്തമാക്കിയത്. തുടർന്നാണ് വിജയ് ബാബു നാട്ടിലേക്കെത്തുമെന്ന് അറിയിച്ചത്.
വിജയ് ബാബുവിന്റെ പാസ്പോർട്ട് കേന്ദ്ര വിദേശകാര്യവകുപ്പ് റദ്ദാക്കിയിരുന്നു. വിജയ് ബാബുവിന്റെ വിസയും റദ്ദാക്കി. ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് കൊച്ചി സിറ്റി പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിജയ് ബാബുവിന്റെ പാസ്പോർട്ട് റദ്ദാക്കിയത്.
പാസ്പോർട്ട് റദ്ദാക്കിയ ശേഷം ഇന്റർപോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്തു നാട്ടിലെത്തിക്കാനായിരുന്നു പോലീസിന്റെ ശ്രമം. പാസ്പോർട്ടും വിസയും റദ്ദാക്കപ്പെട്ടതോടെ വിജയ് ബാബു ദുബായിൽ തങ്ങുന്നതു നിയമ വിരുദ്ധമാകുമായിരുന്നു.

