കൊച്ചി: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് തൃക്കാക്കര യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ്. കേരളത്തിലേത് സ്ത്രീകളെ അപമാനിക്കുന്ന ഭരണകൂടമാണെന്ന് ഉമാ തോമസ് ചൂണ്ടിക്കാട്ടി.
നടിയെ ആക്രമിച്ച കേസ് മുന്‍നിര്‍ത്തിയാണ് ഉമയുടെ പരാമര്‍ശം. ‘നടിക്ക് നീതി കിട്ടാന്‍ പി.ടി തോമസ് നടത്തിയ പോരാട്ടം തുടരും. ഇടതുമുന്നണിയുടെ സ്ത്രീപക്ഷ നിലപാട് കാപട്യമാണെന്ന് തെളിഞ്ഞു. തൃക്കാക്കരയിലെ സ്ത്രീകള്‍ സര്‍ക്കാരിനെതിരെ വോട്ട് ചെയ്യും’- അവര്‍ പറഞ്ഞു.
അതേസമയം, കേസിലെ തുടരന്വേഷണം ഭരണ – രാഷ്ട്രീയ നേതൃത്വം അട്ടിമറിക്കുന്നെന്നും ദൃശ്യങ്ങളടങ്ങിയെ മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ അനധികൃതമായി കൈകാര്യം ചെയ്തെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വിചാരണക്കോടതി നടപടിയെടുത്തില്ലെന്നും ആരോപിച്ച് ഇരയായ നടി ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയിട്ടുണ്ട്. തുടരന്വേഷണം പൂര്‍ത്തിയാക്കാനുള്ള സമയം മേയ് 31ന് അവസാനിക്കാനിരിക്കെ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും.

