ജക്കാര്‍ത്ത: ഏഷ്യാ കപ്പ് ഹോക്കി ഉദ്ഘാടന മത്സരത്തില്‍ പാകിസ്താനോട് ഇന്ത്യയ്ക്ക് സമനില. ജക്കാര്‍ത്തയിലെ ജി.ബി.കെ അറീനയില്‍ നടന്ന പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്മാരായ ഇന്ത്യയെ പാകിസ്താന് 1-1നാണ് തളച്ചത്. അരങ്ങേറ്റ മത്സരത്തിനിറങ്ങിയ കാര്‍ത്തി ശെല്‍വമാണ് ഇന്ത്യയ്ക്കായി ഗോള്‍ നേടിയത്.
അവസാന നിമിഷംവരെ ആവേശം നിറഞ്ഞുനിന്ന പോരാട്ടത്തില്‍ ഇരുഭാഗത്തും നിരവധി അവസരങ്ങള്‍ തുറന്നെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിക്കാന്‍ ഇരുടീമിനുമായില്ല. ആദ്യ ക്വാര്‍ട്ടര്‍ അവസാനിക്കാന്‍ ആറു മിനിറ്റ് മാത്രം ബാക്കിനില്ക്കുമ്ബോഴായിരുന്നു ഇന്ത്യയുടെ ആദ്യ ഗോള്‍ പിറന്നത്. എതിര്‍നിരയുടെ പിഴവില്‍നിന്ന് ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ അവസരം പാക് പ്രതിരോധനിരയിലെ മുഹമ്മദ് അബ്ദുല്ലയെയും വെട്ടിച്ച് കടത്തി കാര്‍ത്തി ശെല്‍വം ഗോളാക്കി മാറ്റി. അധികം വൈകാതെ തന്നെ പാകിസ്താന്റെ അബ്ദുല്‍ റാണ തൊടുത്തു വിട്ട പന്ത് കണ്ണഞ്ചിപ്പിക്കുന്ന സേവിലൂടെ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ സുരാജ് കര്‍കേര തട്ടിയകറ്റി. ഒരു പെനാല്‍റ്റി ഗോള്‍ അവസരംകൂടി പാകിസ്താന് പാഴാക്കിയപ്പോള്‍ രണ്ടാം ക്വാര്‍ട്ടറിന്റെ അവസാനത്തിലും ഇന്ത്യ മുന്നില്‍.
മൂന്നാം ക്വാര്‍ട്ടര്‍ ആരംഭിച്ച് അഞ്ചാം മിനിറ്റില്‍ വീണ്ടും കര്ക്കേരയുടെ അവിസ്മരണീയ സേവ്. ഇത്തവണയും അബ്ദുല്‍ റാണയുടെ ഗോള്‍ശ്രമമാണ് കര്‍കേര തടുത്തിട്ടത്. എന്നാല്‍, മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെ ഇന്ത്യയുടെ വിജയമോഹങ്ങള്‍ തകര്‍ത്ത് പാക് ഗോള്‍. പെനാല്‍റ്റി കോര്‍ണര്‍ ആണ് പാക് താരം അബ്ദുല്‍ റാണ ഗോളാക്കിമാറ്റിയത്.

