കേരളത്തിൽ പെട്രോൾ വിലയിൽ പ്രതീക്ഷിച്ച കുറവുണ്ടാകാത്തതിന്റെ കാരണമിതാണ്; വിശദീകരണവുമായി ധനമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ പെട്രോൾ വിലയിൽ പ്രതീക്ഷിച്ച കുറവുണ്ടാകാത്തതിൽ വിശദീകരണവുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. നികുതി കുറഞ്ഞദിവസം തന്നെ എണ്ണക്കമ്പനികൾ പെട്രോൾ വില വർദ്ധിപ്പിച്ചതാണ് വിലയിൽ പ്രതീക്ഷിച്ച കുറവുണ്ടാകാതിരിക്കാൻ കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസം പെട്രോളിന്റെ കേന്ദ്ര നികുതി 8 രൂപ കുറച്ചതിനൊപ്പം സംസ്ഥാന സർക്കാർ 2.41 രൂപ സംസ്ഥാന നികുതിയും കുറച്ചിരുന്നു. അതായത് പെട്രോൾ വിലയിൽ 10.41 രൂപയുടെ ആനുകൂല്യമാണ് സംസ്ഥാനത്ത് ആകെ ലഭിക്കേണ്ടിയിരുന്നത്. എന്നാൽ 9.40 രൂപ മാത്രമേ പെട്രോൾ വിലയിൽ കുറവു വന്നിട്ടുള്ളൂ. ഡീസൽ വിലയിലാകട്ടെ കേന്ദ്രവും സംസ്ഥാനവും നൽകിയ ഇളവ് പൂർണമായും ലഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

ഈ വ്യത്യാസത്തിന്റെ കാരണം കേന്ദ്ര നികുതി കുറച്ചതിനോടൊപ്പം പെട്രോളിന്റെ അടിസ്ഥാന വില 79 പൈസ വർദ്ധിപ്പിച്ചതാണ്. ഈ രീതിയിൽ വില വർദ്ധനവ് കേന്ദ്ര സർക്കാർ അനുവദിക്കുകയാണെങ്കിൽ ഒരു മാസത്തിനുള്ളിൽതന്നെ ഇപ്പോഴുണ്ടായ നികുതി കുറവിന്റെ ആനുകൂല്യം ഇല്ലാതാവുകയും പഴയ വിലയിലേക്ക് തിരിച്ചെത്തുകയും ചെയ്യുമെന്നുറപ്പാണെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

കഴിഞ്ഞ ദിവസം പെട്രോളിന്റെ കേന്ദ്ര നികുതി 8 രൂപ കുറച്ചതിനൊപ്പം സംസ്ഥാന സർക്കാർ 2.41 രൂപ സംസ്ഥാന നികുതിയും കുറച്ചിരുന്നു. അതായത് പെട്രോൾ വിലയിൽ 10.41 രൂപയുടെ ആനുകൂല്യമാണ് സംസ്ഥാനത്ത് ആകെ ലഭിക്കേണ്ടിയിരുന്നത്. എന്നാൽ 9.40 രൂപ മാത്രമേ പെട്രോൾ വിലയിൽ കുറവു വന്നിട്ടുള്ളൂ.

ഡീസൽ വിലയിലാകട്ടെ കേന്ദ്രവും സംസ്ഥാനവും നൽകിയ ഇളവ് പൂർണമായും ലഭിച്ചു. ഈ വ്യത്യാസത്തിന്റെ കാരണം കേന്ദ്ര നികുതി കുറച്ചതിനോടൊപ്പം പെട്രോളിന്റെ അടിസ്ഥാന വില 79 പൈസ വർദ്ധിപ്പിച്ചതാണ്. ഈ രീതിയിൽ വില വർദ്ധനവ് കേന്ദ്ര സർക്കാർ അനുവദിക്കുകയാണെങ്കിൽ ഒരു മാസത്തിനുള്ളിൽതന്നെ ഇപ്പോഴുണ്ടായ നികുതി കുറവിന്റെ ആനുകൂല്യം ഇല്ലാതാവുകയും പഴയ
വിലയിലേക്ക് തിരിച്ചെത്തുകയും ചെയ്യുമെന്നുറപ്പാണ്.