തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയ്ക്ക് ഹൈക്കോടതിയെ സമീപിക്കേണ്ടി വന്ന ഗുരുതര സാഹചര്യത്തെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേസ് ഒത്തുതീർക്കാൻ ശ്രമിക്കുന്നുവെന്നാണ് നടി ആരോപിക്കുന്നത്. തുടരന്വേഷണം പൂർത്തിയാക്കാതെയാണ് കോടതിയിലേക്ക് പോകുന്നതെന്നും സിപിഎം നേതാക്കൾ ഇടനിലക്കാരായെന്നും നടി ആരോപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതിജീവിതയുടെയും പി.സി ജോർജിന്റെയും കേസിൽ ഒരേ സി.പി.എം നേതാവ് തന്നെയാണ് ഇടനിലക്കാരനായി പ്രവർത്തിച്ചത്. അയാൾ ആരാണെന്ന് വ്യക്തമായി അറിയാം. തെളിവ് സഹിതം ഇടനിലക്കാരന്റെ പേര് യുഡിഎഫ് പുറത്ത് വിടും. ഇടനിലക്കാർ ആകുകയെന്നതാണ് സിപിഎം നേതാക്കളുടെ ഇപ്പോഴത്തെ പണിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേസ് ഒതുക്കിത്തീർക്കാൻ സർക്കാർ കൂട്ടുനിൽക്കുകയാണ്. സമൂഹത്തിന്റെ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ് അതിജീവിതയുടെ ആരോപണം. ഡബ്ല്യുസിസി നിരന്തരമായി ഉന്നയിക്കുന്ന എല്ലാ ആവശ്യങ്ങളോടും കണ്ണടയ്ക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

