ന്യൂഡൽഹി: ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെത്തി. മെയ് 24 ന് ടോക്കിയോയിലാണ് നാലാമത് ക്വാഡ് ഉച്ചകോടി നടക്കുന്നത്. ജപ്പാനിലെത്തിയ പ്രധാനമന്ത്രിയ്ക്ക് പ്രാവസി ഇന്ത്യൻ സമൂഹം വലിയ വരവേൽപ്പാണ് നൽകിയത്.
വിമാനത്താവളത്തിൽ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയവരെല്ലാം അവരവരുടെ മാതൃഭാഷയിൽ സ്വാഗതമോതുന്ന പ്ലക്കാർഡുകളുയർത്തി നിൽക്കുന്ന വീഡിയോ വൈറലായി. വിവിധ ഭാഷകളിലെഴുതിയ ആശംസാ സന്ദേശങ്ങളിൽ ഓട്ടോഗ്രാഫുകളിട്ടുകൊണ്ടാണ് പ്രധാനമന്ത്രി ഇന്ത്യൻ പൗരസമൂഹത്തിന്റെ സ്വീകരണം ഏറ്റുവാങ്ങിയത്.
അതേസമയം, ഉച്ചകോടിക്കിടെ നരേന്ദ്രമോദി അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡനുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തും. ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായും മോദി പ്രത്യേകം കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ രാജ്യങ്ങളുടെ തലവന്മാരും ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കും.

