ഉദയ്പൂർ: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേന്ദ്രം രാജ്യത്തെ സർക്കാർ സ്ഥാപനങ്ങളുടെ വായ്മൂടിക്കെട്ടാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ചിന്തൻ ശിബിരിലെ പ്രസംഗത്തിലാണ് രാഹുൽ ഗാന്ധിയുടെ പരാമർശം.
രാജ്യത്തെ സമ്പദ് വ്യവസ്ഥ തകർന്നതായും തൊഴിലില്ലായ്മ ഇത്രയധികം ഉയരത്തിലെത്തിയ കാലം വേറെയുണ്ടായിട്ടില്ല. രാജ്യത്ത് തൊഴിൽ സൃഷ്ടിക്കുന്ന നട്ടെല്ല് പ്രധാനമന്ത്രി നരേന്ദ്ര മോദി തകർത്തുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ജനങ്ങളുമായി ആശയവിനിമയം നടത്തുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് തിരികെ കൊണ്ടുവരണമെന്നും രാഹുൽ ഗാന്ധി ചിന്തൻ ശിബിരിൽ ആവശ്യപ്പെട്ടു. എല്ലാത്തരം ജനങ്ങൾക്കും വേണ്ടിയല്ല പ്രാദേശിക പാർട്ടികൾ, കോൺഗ്രസാണ് എല്ലാത്തരം ജനങ്ങൾക്കും വേണ്ടിയുളള പാർട്ടി. കോൺഗ്രസ് നേതാക്കൾ ജനങ്ങളുമായുളള ആശയവിനിമയം കാത്തുസൂക്ഷിക്കണം. ബിജെപിയുടെയും ആർഎസ്എസിന്റെയും ആശയങ്ങളോടാണ് തന്റെ യുദ്ധമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പ്രവർത്തകർ പേടിക്കേണ്ടതില്ല. താൻ കോൺഗ്രസ് പ്രവർത്തകർക്കൊപ്പമുണ്ട്. താനൊരു അഴിമതിക്കാരനല്ല, ഈ രാജ്യത്ത് നിന്നും ഒരു രൂപ പോലും തട്ടിയെടുത്തിട്ടില്ലെന്നും അതിനാൽ സത്യം പറയാൻ തനിക്ക് ഭയമില്ലെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് ചിന്തിൻ ശിബിർ നടന്നത്. രാജസ്ഥാനിലെ ഉദയ്പൂരിലാണ് ചിന്തൻ ശിബിർ സംഘടിപ്പിച്ചത്. ഒരു കുടുംബത്തിന് ഒരു സീറ്റ്, ഒരാൾക്ക് ഒരു പദവിയിൽ 5 വർഷം, പിസിസികളുടെയും ഡിസിസികളുടെയും പ്രവർത്തനം വിലയിരുത്താൻ സമിതി തുടങ്ങിയ നിർദ്ദേശങ്ങളാണ് ചിന്തൻ ശിബിരത്തിൽ ഉയർന്നു വന്നത്. അഞ്ച് വർഷത്തെ പ്രവർത്തന പരിചയമുണ്ടെങ്കിൽ കുടുംബത്തിലെ രണ്ടാമനും മത്സരിക്കാം, ദേശീയതലത്തിലും രാഷ്ട്രീയകാര്യ സമിതി, പ്രവർത്തക സമിതി അംഗങ്ങളെ ഉൾപ്പെടുത്തു, ബ്ലോക്ക് കമ്മിറ്റികൾക്ക് താഴെ കമ്മിറ്റി നിലവിൽ വരും, കേരള മാതൃകയിൽ പാർട്ടി പരിശീലന കേന്ദ്രം, യുവാക്കൾക്ക് കൂടുതൽ അവസരം നൽകും, ആശയരൂപീകരണത്തിലും, നടപ്പാക്കുന്നതിലും യുവപ്രാതിനിധ്യം ഉറപ്പാക്കും, മുതിർന്നവരെ മാറ്റിനിർത്തില്ല, 50 വയസിൽ താഴെയുള്ളവർക്ക് എല്ലാ സമിതികളിലും 50% സംവരണം, ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം നടത്തും തുടങ്ങിയ ശുപാർശകളാണ് ചിന്തൻ ശിബിരത്തിൽ മുന്നോട്ടുവെച്ചത്.

