രാഹുലിന് പകരം പ്രിയങ്കയെത്തുമോ?

ഉദയ്പൂര്‍: ഉദയ്പൂരില്‍ നടക്കുന്ന ചിന്തന്‍ ശിബിറില്‍ പങ്കെടുക്കുന്ന മുതിര്‍ന്ന നേതാക്കള്‍ പ്രിയങ്ക ഗാന്ധിയ്ക്ക് കൂടുതല്‍ ചുമതലകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. സോണിയ ഗാന്ധിയ്ക്ക് ശേഷം കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ പ്രിയങ്ക ഗാന്ധി എത്തിയേക്കുമെന്നാണ് സൂചന. പദവി ഏറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധി വിസമ്മതിച്ച വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ട്.

പാര്‍ട്ടി തലപ്പത്തേയ്ക്ക് രാഹുല്‍ ഇല്ലെന്ന് ഉറപ്പിച്ചാല്‍ അടുത്ത സാധ്യത പ്രിയങ്കയ്ക്കാണെന്നാണ് വിലയിരുത്തല്‍. രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും പ്രിയങ്കയുടെ പേര് ഉയര്‍ത്തിക്കാട്ടിയിരുന്നു. ദേശീയ തലത്തില്‍ പ്രിയങ്ക ഗാന്ധിയെ ഏകോപന ചുമതല ഏല്‍പ്പിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാണ് നിലവില്‍ പ്രിയങ്ക ഗാന്ധി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട കനത്ത തിരിച്ചടിയ്ക്ക് പിന്നാലെയാണ് പുനരാലോചന.

അതേസമയം, ചിന്തന്‍ ശിബിറില്‍ ഭാവി രാഷ്ട്രീയ നിലപാടും കോണ്‍ഗ്രസിന്റെ അജണ്ടയും സംബന്ധിച്ച പ്രഖ്യാപനം ഇന്ന് പാര്‍ട്ടി നടത്തും. പാര്‍ട്ടിയില്‍ സമൂലമായ പരിഷ്‌കരണം വേണമെന്നും രാഷ്ട്രീയമായും സംഘടനാപരമായും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തണമെന്നുമാണ് പാര്‍ട്ടി നേതാക്കളുടെ നിലപാട്. എന്നാല്‍, അധ്യക്ഷപദവിയില്‍ ഗാന്ധികുടുംബത്തില്‍ നിന്നു തന്നെ ഒരാള്‍ വേണമെന്നാണ് മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം. ഇനി മുതല്‍ ഒരു തെരഞ്ഞെടുപ്പില്‍ ഒരു കുടുംബത്തില്‍ നിന്ന് ഒരാള്‍ക്ക് മാത്രമായിരിക്കും സീറ്റ് നല്‍കുക. കൂടാതെ തെരഞ്ഞെടുപ്പുകല്‍ ആസൂത്രണം ചെയ്യാന്‍ പ്രത്യേക സമിതിയും ഉണ്ടാകും. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്‍പ് രാഹുല്‍ ഗാന്ധി രാജ്യവ്യാപക പ്രചാരണം നടത്താനും തീരുമാനമായി.