കൂമ്പാരമേഘങ്ങള്‍ കേരളത്തില്‍ നിലയുറപ്പിക്കുന്നു; വെള്ളപ്പൊക്കം പതിവാകുമെന്ന് പഠനം

കൊച്ചി: കൊച്ചിയിലുള്‍പ്പെടെ കാലം തെറ്റി മഴ പെയാന്‍ കാരണമാവുന്നത് കേരളതീരം കൈയടിക്കിവരുന്ന കൂമ്ബാരമേഘങ്ങളുടെ സാന്നിദ്ധ്യം കൊണ്ടെന്ന് കണ്ടെത്തല്‍. കുസാറ്റിലെ ഗവേഷക വിദ്യാര്‍ത്ഥിയായ എ.വി ശ്രീനാഥ് നടത്തിയ പഠനത്തില്‍ മലേഷ്യന്‍ സര്‍വകലാശാലയിലെ പി. വിജയകുമാറും, മിയാമി യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. ബ്രയാന്‍ മപെസും പഠനത്തില്‍ സഹകരിച്ചിരുന്നു. കുസാറ്റ് റഡാര്‍ കേന്ദ്രം റിസര്‍ച്ച് ഡറക്ടര്‍ ഡോ. അസ്. അഭിലാഷിന്റെ മേല്‍നോട്ടിലായിരുന്നു പഠനം.

1980-99, 2000-19 കാലഘട്ടത്തിലെ മണ്‍സൂണ്‍ സീസണാണ് പഠനത്തിന് വിധേയമാക്കിയത്. ‘മഴമേഘങ്ങള്‍ വലിയ രീതിയില്‍ ഘടനാ മാറ്റം വന്നിട്ടുണ്ട്. പടിഞ്ഞാറന്‍ തീരത്തുണ്ടായ ഈ പ്രതിഭാസം കേരളതീരത്ത് ലഭിക്കുന്ന മഴപെയ്ത്തിന്റെ സ്വഭാവത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. രണ്ട് പതിറ്റാണ്ടിനിടെ കേരളത്തിന്റെ തലയ്ക്ക് മുകളിലും മഴമേഘകള്‍ കൂടുകയാണ്. കൂമ്ബാര മേഘങ്ങളും തുടര്‍ന്നുണ്ടായ ലഘു മേഘ വിസ്ഫോടനവുമാണ് 2018 ഓഗസ്റ്റിലെ പ്രളയത്തിന് കാരണമായത്. സമാനമായ സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിക്കുന്ന ഘടനയിലേക്കുള്ള മേഘങ്ങളുടെ മാറ്റമാണ് പശ്ചിമതീരത്ത് ഉണ്ടാകുന്നത്. ഇത് മഴപെയ്ത്തിന്റെ തീവ്രത കൂട്ടുന്നതിനൊപ്പം അന്തരീക്ഷ അസ്ഥിരത വര്‍ദ്ധിപ്പിക്കും’- പഠനം ചൂണ്ടിക്കാട്ടുന്നു.

122 ദിവസം നീണ്ടുനില്‍ക്കുന്ന മണ്‍സൂണ്‍ കാലയളവില്‍ രണ്ട് മൂന്ന് ദിവസം മാത്രമേ കൂമ്ബാരമേഘങ്ങളുടെ സാന്നിദ്ധ്യമുള്ളൂ. ഇതുപക്ഷേ കൂടിവരികയാണ്. വലിയ വ്യാപ്തിയുള്ള കൂമ്ബാര മേഘങ്ങള്‍ പെട്ടെന്ന് മഴപെയ്യിക്കും. മേഘങ്ങള്‍ കൂടുതല്‍ ഉയരത്തില്‍ വളരുന്നുണ്ട്. മേഘപാളികളില്‍ മാത്രം സാധാരണ രൂപപ്പെടുന്ന ഐസിന്റെ സാന്നിദ്ധ്യം ഘനീഭവിച്ചുണ്ടാവുന്ന മഴ വെള്ളത്തിന്റെ അളവിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. അറബികടലിന്റെ ഉപരിതല താപനില, അതിവേഗ തെക്കുപടിഞ്ഞാറന്‍ കാറ്റ്, സൗത്ത് ഏഷ്യന്‍ സമ്മര്‍ മണ്‍സൂണ്‍ സര്‍ക്കുലേഷന്‍ എന്നിവയാണ് ഈ പ്രതിഭാസത്തിന് കാരണം. അതേസമയം, ഈ സ്ഥിതി തുടര്‍ന്നാല്‍ കൂമ്പാര മേഘങ്ങള്‍ കൂടിയേക്കും. ഇത് ഉയരത്തില്‍ വളരുകയും ലഘു മേഘവിസ്ഫോടനം പോലുള്ള പ്രതിഭാസങ്ങള്‍ ഉണ്ടാകാനുള്ള സാദ്ധ്യത കൂട്ടുമെന്നാണ് പഠനം പറയുന്നത്.