ചരിത്രമെഴുതി ഗോകുലം

കൊല്‍ക്കത്ത: മൊഹമ്മദന്‍സ് സ്‌പോര്‍ട്ടിംഗ് ക്‌ളബിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തി ഗോകുലം കേരള എഫ്‌സി ഐലീഗ് കിരീടം നിലനിര്‍ത്തി. ഐലീഗിന്റെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് ഒരു ക്‌ളബ് കിരീടം നിലനിര്‍ത്തുന്നത്.

അവസാന മത്സരത്തില്‍ കിരീടം നിലനിര്‍ത്താന്‍ ഗോകുലത്തിന് മൊഹമ്മദന്‍സിനെതിരെ ഒരു സമനില മാത്രം മതിയായിരുന്നു. എന്നാല്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കൊല്‍ക്കത്ത ക്‌ളബിനെ തകര്‍ത്തു കൊണ്ടാണ് ഗോകുലം കേരള തങ്ങളുടെ മേധാവിത്തം ഉറപ്പിച്ചത്.

ഗോള്‍രഹിതമായ ഒന്നാം പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ 49ാം മിനിട്ടിലായിരുന്നു ഗോകുലം ലീഡ് നേടുന്നത്. റിഷാദിന്റെ വകയായിരുന്നു ഗോകുലത്തിന്റെ ഗോള്‍. എന്നാല്‍ 57ാം മിനിട്ടില്‍ അസ്ഹറുദ്ദീന്‍ മല്ലിക്കിലൂടെ സമനില നേടിയ മൊഹമ്മദന്‍സ് മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമങ്ങള്‍ നടത്തി. എന്നാല്‍ 61ാം മിനിട്ടില്‍ മലയാളി താരം എമില്‍ ബെന്നിയിലൂടെ തിരിച്ചടിച്ച ഗോകുലം വീണ്ടും ലീഡ് സ്വന്തമാക്കുകയായിരുന്നു. എമിലിന്റെ ഗോള്‍ വീണതോടെ ഐലീഗ് കിരീടം ഏകദേശം ഉറപ്പിച്ച രീതിയിലായിരുന്നു പിന്നീടുള്ള ഗോകുലത്തിന്റെ ഓരോ മുന്നേറ്റങ്ങളും. ഒരു ഗോളിന് പിന്നിലായതോടെ മൊഹമ്മദന്‍സ് ഗോകുലം ഗോള്‍ മുഖത്തേക്ക് ഇരച്ചെത്തിക്കൊണ്ടിരുന്നു. എന്നാല്‍ സെന്റര്‍ ഡിഫന്‍ഡര്‍ അമിനോ ബൗബയും ഗോള്‍ കീപ്പര്‍ രക്ഷിത് ദകറും ചേര്‍ന്ന് മൊഹമ്മദന്‍സിന്റെ എല്ലാ മുന്നേറ്റങ്ങളുടെയും മുനയൊടിച്ചു.