തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടാബന്ധമുള്ള പോലീസുകാരുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്. ഗുണ്ടാബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസടുക്കണമെന്ന് ഡിജിപി ആവശ്യപ്പെട്ടു. ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഡിജിപി ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.
പോലീസ് ആസ്ഥാനത്ത് നടന്ന ക്രൈം റിവ്യൂ മീറ്റിങിൽ ഇക്കൊല്ലം ജനുവരിമുതൽ മൂന്നുമാസത്തെ വിവിധ കേസുകളുടെ അന്വേഷണ പുരോഗതി അദ്ദേഹം വിലയിരുത്തി. ഗുണ്ടകളെ അമർച്ച ചെയ്യാനായി സംസ്ഥാനതലത്തിലും ജില്ലാതലത്തിലും രൂപീകരിച്ച പ്രത്യേക സംഘങ്ങളുടെ പ്രവർത്തനത്തെ തുടർന്ന് നിരവധി ഗുണ്ടകൾക്കെതിരെ നടപടി സ്വീകരിക്കാൻ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ജില്ലാതലത്തിലെ സംഘത്തിൻറെ പ്രവർത്തനം ഏകോപിപ്പിക്കാൻ ജില്ലാ പോലീസ് മേധാവിമാർ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വർഗ്ഗീയ സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാൻ പോലീസ് തികഞ്ഞ ജാഗ്രത പാലിക്കണം. മതസ്പർദ്ധയും സാമുദായിക സംഘർഷവും വളർത്തുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് തടയണം. ഇത്തരത്തിൽ സന്ദേശം പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവിമാർ കർശന നടപടി സ്വീകരിക്കണം. മയക്കുമരുന്നിന്റെ വിതരണവും കടത്തും തടയാൻ പോലീസ് നിതാന്ത ജാഗ്രത പുലർത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
പോലീസ് ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് വളരെ മാന്യമായി ഇടപെടണം. ഒരുതരത്തിലുമുളള അഴിമതിയിലും പോലീസ് ഉദ്യോഗസ്ഥർ പങ്കാളികൾ ആകുന്നില്ലെന്ന് ഉറപ്പാക്കാൻ ജില്ലാ പോലീസ് മേധാവിമാരും മറ്റ് ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും പ്രത്യേക ശ്രദ്ധ ചെലുത്തണം. വാഹനാപകടങ്ങൾ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികൾ യോഗം ചർച്ച ചെയ്തു. പോക്‌സോ കേസുകൾ, കൊലപാതകം ഉൾപ്പെടെയുളള ക്രൈം കേസുകൾ എന്നിവയുടെ അന്വേഷണ പുരോഗതിയും യോഗം വിലയിരുത്തി. എസ്.പിമാർ മുതൽ എ.ഡി.ജി.പിമാർ വരെയുളള പോലീസ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

