ഡെങ്കിപ്പനി; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം

കൊച്ചി: സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിൽ ജാഗ്രത നിർദ്ദേശം നൽകി ആരോഗ്യ വകുപ്പ് അധികൃതർ. തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ, തൃശൂർ, പാലക്കാട്, കാസർഗോഡ് എന്നീ ജില്ലകളിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് അധികൃതർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. ശക്തമായ പനി, തലവേദന, വയറുവേദന, ഛർദി, അമിതമായ ക്ഷീണം, കണ്ണിന് പുറകിൽ വേദന, ശരീരവേദന, തൊലിപ്പുറത്ത് ചുവന്ന പാടുകൾ തുടങ്ങിയവയാണ് ഡെങ്കിപ്പനിയുടെ രോഗലക്ഷണങ്ങൾ. ഡെങ്കിപ്പനി ഗുരുതരമായാൽ രക്തസ്രാവം ഉണ്ടാകാനും സാധ്യതയുണ്ട്.

കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ, ജന്മനാ ഹൃദ്രോഗങ്ങൾ ഉള്ളവർ, ജീവിതശൈലി രോഗങ്ങൾ ഉള്ളവർ എന്നിവരിൽ ഡെങ്കപ്പനി സങ്കീർണമാകാൻ സാധ്യതയുണ്ട്. ഡെങ്കിപ്പനിയെ തുടർന്ന് കടുത്ത രക്തസ്രാവം, പ്രഷർ കുറയുന്ന അവസ്ഥ, ശക്തമായ വയറുവേദന, ശ്വാസം മുട്ടൽ എന്നിവ മരണകാരണമായേക്കുമെന്നും വിദഗ്ധർ പറയുന്നു.

ഡെങ്കിപ്പനിയെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

  • നീണ്ടുനിൽക്കുന്ന പനിയാണെങ്കിൽ ഏത് പനിയാണെന്ന് ഉറപ്പിക്കുന്നതിനായി ചികിത്സ തേടണം.
  • ജലജന്യ ജന്തുജന്യ രോഗങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.
  • കുടിക്കുന്നതിനും ഭക്ഷണം പാകം ചെയ്യുന്നതിനും ഉപയോ?ഗിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പ് വരുത്തണം.
  • വെള്ളം ക്ലോറിനേറ്റ് ചെയ്യണം.
  • ഭക്ഷണവും വെള്ളവും അടച്ച് സൂക്ഷിക്കുക.
  • പഴകിയ ഭക്ഷണം കഴിക്കരുത്.
  • കൊതുക് കടിയേൽക്കാതെ നോക്കണം.
  • വീടും സ്ഥാപനങ്ങളും പരിസരവും വൃത്തിയായി സൂക്ഷിക്കണം.
  • മലിനജലവുമായോ മണ്ണുമായോ ഇടപെടുന്നവർ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കണം.
  • ഡെങ്കിപ്പനി പകരാൻ കാരണമാകുന്ന ഈഡിസ് കൊതുകുകൾ മുട്ടയിട്ട് പെരുകാൻ ഏറ്റവും കുടുതൽ സാദ്ധ്യത ശുദ്ധജലത്തിലാണ്. മഴവെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഒഴിവാക്കണം.
  • മണിപ്ലാന്റും, മറ്റ് അലങ്കാര ചെടികളും വീടിനുള്ളിൽ വളർത്താതിരിക്കുന്നതാണ് നല്ലത്. ഇങ്ങനെ വളർത്തുകയാണെങ്കിൽ അവ മണ്ണിട്ട് വളർത്തണമെന്നും ചെടിച്ചട്ടിയിൽ വെള്ളം കെട്ടിക്കിടക്കാതെ ഒഴുക്കിക്കളയണം.